ചെറുതോണി : ഇംഗ്ലണ്ടിൽ വെച്ച് നടന്ന ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക് നേടിയെടുക്കുന്നതിന് നിർണ്ണായക പങ്കു വഹിച്ച അനീഷ് രാജൻ ഇന്ത്യക്ക് അഭിമാനമായി മാറിയെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. അഞ്ച് മത്സരങ്ങളിലായി 11 വിക്കറ്റെടുത്ത അനീഷ് ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് സ്‌കോറർ ആണ്. രണ്ട് കളികളിൽ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്ത അനീഷിന് ഭിന്നശേഷിക്കാരുടെ ലോകകപ്പിൽ മികച്ച പതിനൊന്നു പേരിൽ ഒന്നാമനായി കൂടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്. അനീഷിന്റെ മികച്ച വിജയത്തിൽ സന്തോഷം പങ്കിടുവാൻ വീട്ടിലെത്തിയ റോഷി അഗസ്റ്റിൻ എം.എൽ.എ വാഴത്തോപ്പ് പാറേമാവിലുള്ള വീട്ടിലെത്തി അനീഷിന്റെ മാതാപിതാക്കളായ പി. രാജനും ശ്യാമയ്ക്കും മധുരം നൽകി സന്തോഷമറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുബാഷ്, പഞ്ചായത്തംഗങ്ങളായ ഷിജോ തടത്തിൽ, ആലീസ് ജോസ്, സെലിൻ വിൻസന്റ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് കുഴികണ്ടം എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.