ചെറുതോണി: ഇടുക്കി ജില്ലാസ്ഥാനത്ത് മഴകുറഞ്ഞതിനെ തുടർന്ന് വാഴത്തോപ്പ് പഞ്ചായത്തിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. നൂറിലധികം ആൾക്കാരെയാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ക്യാമ്പിൽ പ്രവേശിപ്പിച്ചിരുന്നത്. മഴ കുറഞ്ഞതോടെ കൂടുതലാളുകളും സ്വമേധയാ സ്വന്തം വീടുകളിലേയ്ക്ക് തിരികെ പോയിരുന്നു. സ്‌കൂൾ തുറക്കേണ്ടതിനാലും മഴകുറയുകയുംചെയ്തതിനെ തുടർന്ന് ക്യാമ്പിൽ ബാക്കിയായവരെ എച്ച്.ആർ.സിക്ലബിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ ശൗചാലയമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഇവിടെയാളുകൾ താമസിക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് ബാക്കിയുണ്ടായിരുന്ന 12 കുടുംബങ്ങളിലെ 30പേരെ ഗാന്ധിനഗർ കോളനിയിലെ കമ്യൂണിറ്റി ഹാളിലേയ്ക്ക് മാറ്റി. ഇവരുടെ വീടുകൾ സമീപത്തായതിനാൽ വീടുകളിലേയ്ക്ക് പോകാമെന്നും ആവശ്യമെങ്കിൽ വന്നു താമസിക്കാമെന്നും റവന്യൂ അധികൃതർ അവരെ അറിയിച്ചിട്ടുണ്ട്് കമ്യൂണിറ്റി ഹാളിൽ വൈദ്യുതിയും ഗ്യാസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തഹസീൽദാർ പറഞ്ഞു. വീട് പൂർണമായും പോയ രണ്ടുകുടുംബങ്ങളെ കെ.എസ്.ഇ.ബി കോളനിയിൽ താമസിപ്പിക്കുമെന്നും തഹസീൽദാർ അറിയിച്ചു.