പീരുമേട്: ശ്രീനാരായണ ഗുരു കോളേജിൽ രണ്ട് വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം, എസ്.എഫ്.ഐ പ്രവർത്തകർ ചേർന്ന് പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും തടഞ്ഞുവെച്ചതായി പരാതി. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കോളേജ് പൂട്ടി മടങ്ങാൻ ഒരുങ്ങുന്നതിനിടയിൽ ഒരു സംഘം സി.പി.എം, എസ്.എഫ്.ഐ.പ്രവർത്തകർ സംഘടിച്ചെത്തി പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും ഓഫീസിൽ പൂട്ടി വെച്ചന്നാണ് കോളേജ് അധികൃതർ പറയുന്നത്. സംഭവത്തെ കുറിച്ച് കോളേജ് നൽകുന്ന അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ: കഴിഞ്ഞ ജൂലായ് 1ന് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളെയും അദ്ധ്യാപികയെയും ഒരു കൂട്ടം വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ പൂട്ടിയിട്ടിരുന്നു. ഇതിൽ നേതൃത്വം നൽകുയും കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ട് വിദ്യാർത്ഥികളെ അച്ചടക്ക നടപടിയെന്ന പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. കോളേജ് കൗൺസിൽ യോഗത്തിൽ ക്ഷമാപണം നൽകാൻ സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികൾ തയാറായിരുന്നതെങ്കിലും പുറത്ത് നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസിൽ എത്തി ഓഫീസ് രേഖകൾ നശിപ്പിച്ചിരുന്നു. തുടർന്ന് കോളേജ് കൗൺസിൽ ഐക്യകണ്ഠേനെ രണ്ട് വിദ്യാർത്ഥികളെയും കോളേജിൽ നിന്നും പുറത്താക്കാൻ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ഇരു വിദ്യാർത്ഥികളെയും കോളേജിൽ നിന്നും പുറത്താക്കുകയും ചെയ്‌തോടെയാണ് പ്രതിഷേധം ഉണ്ടായതും പ്രിൻസിപ്പൽ അടക്കമുള്ളവരെ ബന്ധികളാക്കിയത്.