തൊടുപുഴ: കാലവർഷത്തിൽ തകർന്ന കോട്ടമല മൂലമറ്റം റോഡിലെ ആശ്രമം ഭാഗത്ത് റെയിൽപാലം സ്ഥാപിച്ചു.പ്രളയക്കെടുതിയിൽ ജില്ലയുടെ ചുമതല വഹിച്ച വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥ്, ഡീൻ കുര്യാക്കോസ് എം പി, റോഷി അഗസ്റ്റിൻ എം എൽ എ എന്നിവർ റോഡ് തകർന്ന ഭാഗം സന്ദർശിക്കുകയും ജില്ലാ തലത്തിലുള്ള പ്രളയക്കെടുതി യോഗത്തിൽ പ്രശ്‌നത്തിന്റെ രൂക്ഷത അവതരിപ്പിക്കുകയും ചെയ്തതോടെയാണ് കാലതാമസം കൂടാതെ താൽക്കാലിക പാലം ഇവിടെ നിർമ്മിച്ചത്. റോഡ് തകർന്നതോടെ നൂറു കണക്കിനു കുടുംബങ്ങൾ ഒറ്റപ്പെടുകയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക യാത്രമാർഗം അടയുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് താൽക്കാലിക പാലം തീർത്തത്. റെയിൽ ഗാർഡറുകളിൽ ഇരുമ്പപാളികൾ നിരത്തി കൈവിരിയോടെയാണ് താത്കാലിക പാലം നിർമിച്ചത്. ഇതിലൂടെ വാഹന ഗതാഗതം സാദ്ധ്യമല്ല.എങ്കിലും പുറം ലോകവുമായി ബന്ധപ്പെടാനായി താത്കാലിക സംവിധാനമൊരുങ്ങിയതിന്റെ ആശ്വാസത്തിലാണ് ഇവിടെയുള്ള ജനങ്ങൾ. കാലവർഷക്കെടുതിയിൽ തകർന്ന റോഡിൽ ജില്ലയിൽ ആദ്യമായി താത്കാലിക സംവിധാനമൊരുക്കിയതും ഇവിടെയാണ്.

അടിത്തറയില്ലാതെ

കഴിഞ്ഞ ഒൻപതിനാണ് തൊടുപുഴ പീരമേട് താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് മലവെള്ളപ്പാച്ചിലിൽ തകർന്നത്. സംരക്ഷണ ഭിത്തി പൂർണമായി തോരാമഴയിൽ ഒലിച്ചപോയി. വലിയ തോതിൽ റോഡും സംരക്ഷണ ഭിത്തിയും ഒലിച്ചു പോയതോടെ ഇവിടെ പുതിയ റോഡ് പുനർ നിർമിക്കാൻ ഏറെ നാൾവേണ്ടിവരും. റോഡിന്റെ സംരക്ഷണ ഭിത്തി നിർമിച്ചപ്പോൾ മെച്ചപ്പെട്ട അടിത്തറയോടെ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ നിർമാണം നടത്തിയതാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു.

10.3 കിലോമീറ്റർ ദൂരമുള്ള റോഡിനായി ഇതിനോടകം 10 കോടിയോളം മുടക്കിയിട്ടും റോഡ് നിർമാണം പൂർത്തിയായില്ല. തൊടുപുഴയിൽനിന്നും ഹൈറേഞ്ച് മേഖലയിലെ പ്രധാന സ്ഥലങ്ങളായ കട്ടപ്പന, കുമളി, തേക്കടി, വണ്ടിപ്പെരിയാർ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് തൊടുപുഴയിൽ നിന്നും എളുപ്പത്തിൽ എത്താൻ ഈ റോഡ് ഉപകരിക്കും.