രാജാക്കാട് : കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 1 കിലോ 100 കിലോഗ്രാം കഞ്ചാവുമായി 5 യുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. കൊല്ലം പേരൂർക്കര കുറ്റിവിളയിൽ അൽത്താഫ് (22), കോടംവിള സെയ്ദലി (20), തൊട്ടാവാടിയിൽപുത്തൻവീട്ടിൽ വിഷ്ണു (22), കുറ്റിച്ചിറ കരയിൽ വെള്ളാവിച്ചിറ പുത്തൻവീട്ടിൽ അമീർ (19), കാഞ്ഞിരപ്പള്ളി പനയ്ക്കച്ചിറ പാറമട കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അരുൺ (22) എന്നിവരെയാണ് ഉടുമ്പൻചോല എക്‌സൈസ് ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വാഹന പരിശോധന നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ്പിടിയിലായത്. തമിഴ്നാട് ഭാഗത്ത് നിന്നും ചെക്ക് പോസ്റ്റിലൂടെ വന്ന കാർ ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കായി കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. എക്‌സൈസ് സംഘം വാഹനത്തിൽ ഇവരെ പിൻതുടർന്നു. അതിവേഗം പോയ കാർ മൂങ്കിപ്പള്ളത്ത് കൊടുവളവ് തിരിക്കാനാവാതെ റോഡിൽ നിന്നും തെന്നിമാറി. തുടർന്ന് വേഗത്തിൽ പിന്നോട്ട് എടുക്കുന്നതിനിടെ സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് നിന്നു. ഈ സമയം എക്‌സൈസ് സംഘം സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും കഞ്ചാവ് കണ്ടെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് വാഹനം ചെക്ക് പോസ്റ്റിൽ എത്തിച്ച് വിശദമായി പരിശോധിച്ചപ്പോൾ എളുപ്പത്തിൽ ആർക്കും കണ്ടെടുക്കുവാൻ സാധിക്കാത്ത വിധം ഗ്ലാസിന്റെ ബീഡിംഗ് പൊളിച്ച ശേഷം ബോണറ്റിന്റെ ഉള്ളിലായി ഒളിപ്പിച്ച നിലയിൽ 1 കിലോ 100 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതികൾ എല്ലാവരും ഒരുമിച്ച് കേറ്ററിംഗ് ജോലി ചെയ്യുന്നവരാണ്. 10,000 രൂപയ്ക്ക് കമ്പത്ത് നിന്നും വാങ്ങിയതാണന്നും, വാഹനവും 10,000 രൂപയും നൽകിയപ്പോൾ ഒരു തമിഴ് സ്വദേശി വാഹനത്തിൽ കഞ്ചാവ് സെറ്റ് ചെയ്ത് കൊടുക്കുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർമാരായ എം. പി പ്രമോദ്, ടി. ജെ മനോജ്, തോമസ് ജോൺ, എൻ. വി ശശീന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. രാധാകൃഷ്ണൻ, ആസിഫ് അലി, ജോഫിൻ ജോൺ, പി. സി ജസ്റ്റിൻ എന്നിവരും പങ്കെടുത്തു.