ഇടുക്കി: ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി നേതൃത്വം നൽകുന്ന വഴികണ്ണ് പദ്ധതിയുടെ ഭാഗമായി തൊടുപുഴ വ്യാപാരി ട്രസ്റ്റ് ഹാളിൽ നടത്തിയ ട്രാഫിക് ലോക് അദാലത്തിലെത്തിൽ നിരവധി വിഷയങ്ങൾ ചർച്ചയായി. ജംഗ്ഷനുകളിൽ സ്പീഡ് നിയന്ത്രണത്തിനുള്ള സംവിധാനം, ദിശാ ബോർഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, കാൽനടയാത്രക്കാരുടെ സുരക്ഷിത കുറവ്, അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ, ബസ് റൂട്ട് പ്രശ്നങ്ങൾ, സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്, നിയമവിരുദ്ധമായ ആട്ടോറിക്ഷ സ്റ്റാൻഡുകൾ, ഫുട്പാത്തുകളുടെയും റോഡ് പുറമ്പോക്കുകളുടെയും അനധികൃത കൈയേറ്റങ്ങൾ, അശാസ്ത്രീയമായ വഴിയോരക്കച്ചവടം, വൺവേ സംവിധാനത്തിലെ തകരാറുകൾ തുടങ്ങിയ നിരവധി വിഷയങ്ങൾ അദാലത്തിൽ ചർച്ചയായി. ഹൈക്കോടതി ജഡ്ജ് പി. ഉബൈദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിട്ടി ചെയർമാനും ഡിസ്ട്രിക്ട് ജഡ്ജിയുമായ മുഹമ്മദ് വസിം അദ്ധ്യക്ഷനായിരുന്നു. കഴിഞ്ഞ ഒരു വർഷമായി തൊടുപുഴയിൽ വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരണം, വാഹനപരിശോധന, കൗൺസിലിംഗ് എന്നിവ നടത്തുന്നു. പരിശോധനകളിൽ ലൈസൻസില്ലാതെ വാഹനമോടിക്കുക, ഇൻഷുറൻസ് ഇല്ലാത്ത വാഹനം നിരത്തിൽ ഇറക്കുക തുടങ്ങി ഒട്ടേറെ ഗൗരവകരമായ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ ജനകീയ സർവേയിലൂടെ തുടക്കം കുറിച്ച പദ്ധതി ഒരു വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് നിരത്തുകളിൽ ഒട്ടേറെ ഭൗതിക സൗകര്യങ്ങളുടെ കുറവ് അപകടങ്ങൾക്ക് കാരണമാകുന്നെന്ന് കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ട്രാഫിക് ലോക് അദാലത്ത് സംഘടിപ്പിച്ചത്. ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം പിള്ള, തൊടുപുഴ നഗരസഭ ചെയർപേഴ്സൺ ജെസി ആന്റണി, തൊടുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോളി ജെയിംസ്, മുൻ ഡിസ്ട്രിക്ട് ജഡ്ജ് സി.വി. ഫ്രാൻസിസ്, സി.കെ. വിദ്യാസാഗർ, ജെയിംസ് ആനകല്ലുങ്കൾ, റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ കെ.എസ്. അശോക്, റിട്ട. ജോയിന്റ് ആർ.ടി.ഒ സി.എസ്. ഡേവിഡ് എന്നിവർ സംസാരിച്ചു.