മറയൂർ: ഉടുമൽപേട്ടയിൽ ബസും ട്രാവലറും കൂട്ടിയിടിച്ച് 21 യാത്രക്കാർക്ക് പരിക്ക്. ടെമ്പോ ട്രാവലറിലെ യാത്രക്കാരും തൃശൂർ സ്വദേശികളായ അച്യുതൻ (25), ഉണ്ണികൃഷ്ണൻ (28), ഡ്രൈവർ നിഖിൽ കുമാർ (38) ബസ് ജീവനക്കാരും തേനി സ്വദേശികളുമായ സത്യമൂർത്തി (38), പാണ്ഡ്യരാജ് (32) എന്നിവർക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. രാത്രി 11.30ന് ഉടുമൽപേട്ടയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ അന്തിയൂർ ഭാഗത്തായിരുന്നു അപകടം. തൃശൂരിൽ നിന്ന് രാമേശ്വരത്തേക്ക് തീർത്ഥാടനത്തിന് പോവുകയായിരുന്ന ടെമ്പോ ട്രാവലറും പഴനിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ടി.എൻ.എസ്.ടി.സി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടുമൽപേട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.