തൊടുപുഴ: എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പ്രളയദുരിത ബാധിതർക്കായി സമാഹരിച്ച ആറായിരം കിലോ അരിയും മറ്റ് അവശ്യ വിഭവങ്ങളും തൊടുപുഴ നിന്ന് അട്ടപ്പാടിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം എച്ച്.ആർ.ഡി.എസ് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണന്റെ നേതൃത്വത്തിൽ തൊടുപുഴ നഗരപ്രദേശത്ത് നിന്ന് ശേഖരിച്ചതാണ് ഇവ. കേന്ദ്ര സർക്കാർ പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജനയിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിഭവസമാഹരണം നടത്തിയത്. തൊടുപുഴയിലെ നന്മനിറഞ്ഞ വ്യാപാരി സമൂഹവും നിരവധി മനുഷ്യസ്‌നേഹികളും കൈ നിറയെ ഉല്പന്നങ്ങൾ നൽകി. ദൗത്യം ശ്രദ്ധയിൽപ്പെട്ട ചില നാട്ടുകാർ പതിനായിരം രൂപ വരെ മുടക്കി വസ്ത്രങ്ങളും മറ്റും വാങ്ങി നൽകി. പ്രവർത്തനങ്ങൾക്ക് ബിജു കൃഷ്ണനോടൊപ്പം സെന്റർ മാനേജർ വി.സി. ചന്ദ്രജിത്, സിജു മാത്യു, ശില്പ ബെന്നി, എസ്.എൽ. രമ്യ, എ.ആർ. ദീക്ഷിത്, അനു ആനന്ദ്, എ.കെ. വിനോദ്, എം.കെ. ചന്ദ്രൻ, അനന്യ മരിയപോൾ, ദീപ മാത്യു, അഞ്ജു, വൈദേഹി എന്നിവർ പങ്കെടുത്തു. എച്ച്.ആർ.ഡി.എസിന്റെ അട്ടപ്പാടി മറ്റത്തുകാടുള്ള ഓഫീസിൽ എത്തിച്ച ഉത്പന്നങ്ങൾ സംഘടനയുടെ ഫൗണ്ടർ സെക്രട്ടറി അജി കൃഷ്ണൻ ഏറ്റു വാങ്ങി. ജോയ് മാത്യു, പി. സുദേവൻ, കെ.ടി. ലീന, ഷൈജു ശിവരാമൻ, മുരുകൻ മാഷ്, ഡി. ഗോപാലൻ എന്നിവർ പങ്കെടുത്തു. മുംബെയ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നു കൂടി സാധനങ്ങൾ അയച്ചിട്ടുണ്ട്. സംഭരിക്കുന്ന എല്ലാ ഉത്പന്നങ്ങളും വേർതിരിച്ച് കിറ്റുകളിലാക്കി ദുരിതബാധിതർക്ക് നേരിട്ട് കൈമാറും.