തൊടുപുഴ: ഇടുക്കിയിലെ ദുരിത ബാധിത പ്രദേശങ്ങളുടെ പുനർനിർമ്മിതിക്കുവേണ്ടി സമഗ്രമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും നഷ്ടങ്ങൾ തിട്ടപ്പെടുത്തി പുനർനിർമ്മിതിക്കാവശ്യമായ പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും പഞ്ചായത്തുകൾക്ക് ചുമതല നൽകണം. തുടർച്ചയായി മഴക്കെടുതികളും പ്രകൃതിക്ഷോഭവും ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ ഇതിനായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കണം. ഇക്കാര്യം ജില്ലാതല അവലോകനയോഗത്തിലും മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലയിൽ വിവിധ വകുപ്പുകളിൽ പ്രത്യേകിച്ചും റവന്യു വകുപ്പിൽ വിവിധ തസ്തികളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും ഇടുക്കി ജില്ലയിൽ ഡിസാസ്റ്റർ മാനേജ്‌മെന്റിന് മാത്രമായി ഡെപ്യൂട്ടി കളക്ടറെ നിയമിക്കാൻ മുഖ്യമന്ത്രിയോടും റവന്യുമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്.

ഏലം കൃഷി പുനരുദ്ധരിക്കണം

കാർഡമം രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നതിനും എ.സി.ആർ നൽകുന്നതിനും പുതിയ സി.ആർ എല്ലാ ഏലം കർഷകർക്കും അനുവദിക്കുന്നതിനും അടിയന്തരമായ നടപടികൾ സ്വീകരിക്കണം. ഏലം റീപ്ലാന്റിന് (ആവർത്തന കൃഷി) വേണ്ടി സ്‌പൈസസ് ബോർഡ് അപേക്ഷ സ്വീകരിക്കുന്ന സമയമാണ്. ആഗസ്റ്റ് 31 വരെയാണ് ഇപ്പോൾ നൽകിയിട്ടുള്ള സമയം. ഇതിന്റെ സമയ പരിധി ഒക്ടോബർ 31 വരെ നീട്ടുന്നതിന് സ്‌പൈസസ് ബോർഡ് ചെയർമാനോട് നിർദ്ദേശിച്ചിട്ടുണ്ട്. തകർന്നടിഞ്ഞ ഏലം കൃഷി സമഗ്രമായി പുനരുദ്ധരിക്കുന്നതിനും ചെറുകിട കർഷകരുൾപ്പെടെ എല്ലാ ഏലം കർഷകർക്കും സ്‌പൈസസ് ബോർഡിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രത്യേക പദ്ധതികൾക്ക് രൂപം നൽകി കേന്ദ്രസർക്കാരിന് സമർപ്പിക്കാനും അടുത്ത സ്‌പൈസസ് ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കും.

ആനവച്ചാൽ പാർക്കിംഗ് വിഷയം

തേക്കടി ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും അടിയന്തരമായി ഇടപെടണം. പ്രദേശവാസികളുടേയും ശബരിമല തീർത്ഥാടകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കടന്നുപോകുന്നതിനും സാഹചര്യം ഒരുക്കണം. നേരത്തെ പഞ്ചായത്തുമായി ഉണ്ടാക്കിയിട്ടുള്ള സമവായ കരാർ വനംവകുപ്പ് പാലിക്കണം.