കട്ടപ്പന: 60 കിലോ ചന്ദനത്തടിയുമായി മൂന്നു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഫ്ളൈംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ചന്ദനത്തടി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റ‌ഡിയിൽ എടുത്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 നോടെയാണ് ചന്ദനത്തടിയുമായെത്തിയ മൂവർ സംഘത്തെ ചപ്പാത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. മാമല സ്വദേശി ജോസ് ചാക്കോ, വെള്ളാരംകുന്ന് സ്വദേശികളായ പുത്തൻപുരയ്ക്കൽ സജി തോമസ്, ചേരുംതടത്തിൽ വിൽസൺ ജോസ് എന്നിവരാണ് പിടിയിലായത്. ചന്ദനം കടത്തുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഫ്ളൈംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് മൂവരും പിടിയിലായത്. ചന്ദനത്തടി കടത്താൻ ഉപയോഗിച്ച വിൽസന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറും പിടികൂടി. കാറിന്റെ ഡിക്കിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ചന്ദന തടികൾ. പിടിയിലായ പ്രതികളിൽ ജോസ് ചാക്കോ മുമ്പും ചന്ദനം കടത്തിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്. കച്ചവടക്കാർക്ക് കൈമാറുന്നതിനായി ചന്ദനത്തടികൾ എത്തിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കട്ടപ്പന ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എം.പി. പ്രസാദ്, എസ്.എഫ്.ഒ പി.എ. ഷാജിമോൻ, ബി.എഫ്.ഒമാരായ കെ.കെ. പ്രമോദ്, പ്രിൻസ് ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.