മറയൂർ: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന നിലമ്പൂർ ജനതയുടെ കണ്ണീരൊപ്പാൻ അവശ്യസാധനങ്ങളുമായി ആൾ കേരള ഡ്രൈവേഴ്സ് ഫ്രിക്കേഴ്സിന്റെ ഇടുക്കിയിൽ നിന്നുള്ള ടീം മറയൂരിൽ നിന്ന് പുറപ്പെട്ടു. മറയൂരിൽ നിന്ന് പുറപ്പെട്ട വാഹനങ്ങൾക്ക് മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. ആരോഗ്യദാസ് ഫ്ളാഗ് ഒഫ് ചെയ്തു. നിലമ്പൂരിന് ഒരു കൈത്താങ്ങായി ഡ്രൈവേഴ്സ് കൂട്ടായ്മയായ ആൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സിന്റെ ഇടുക്കിയിലെ പ്രവർത്തകർ വീടുകൾ കടകൾ എന്നിവിടങ്ങളിൽ നിന്നും ഡ്രൈവർമാരിൽ നിന്നും ശേഖരിച്ച മരുന്ന്, വസ്ത്രങ്ങൾ, ആഹാര സാധനങ്ങൾ എന്നിവ മൂന്ന് വാഹനങ്ങളിലായിട്ടാണ് യാത്ര പുറപ്പെട്ടത്. ഡ്രൈവേഴ്സ് ഫ്രിക്കേഴ്സിന്റെ ജില്ലാ മോഡറേറ്റർ ഗ്ലാഡ്സൺ തോമസ് മറയൂർ, വാട്സ്ആപ് കൂട്ടായ്മ അഡ്മിൻമാരായ ജിബിൻ കട്ടപ്പന, സുമേഷ് കാൽവരിമൗണ്ട് എക്സിക്യൂട്ടീവ് മെമ്പർമാരായ അനിൽകുമാർ എസ് മറയൂർ, ബ്ലസൻ തൂക്കുപാലം, രജീഷ് പുളിയന്മല, നൈസ് ഉടുമ്പൻചോല, അനീഷ് പൊന്മുടി എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കിയിലെ എല്ലാ മെമ്പർമാരും ചേർന്നാണ് സാധനങ്ങൾ ശേഖരിച്ചത്.