pressclub
ഇടുക്കി പ്രസ്‌ക്ലബും പൊലീസ് അസോസിയേഷനും സമാഹരിച്ച വിഭവങ്ങളുമായി വയനാട്ടിലേക്ക് തിരിച്ച വാഹനം തൊടുപുഴയിൽ ജില്ല ജഡ്ജി മുഹമ്മദ് വസിം ഫ്ളാഗ്ഓഫ് ചെയ്യുന്നു.

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബും പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും കൈകോർത്ത് 10 ലക്ഷത്തിന്റെ സാധന സാമഗ്രികളുമായി പ്രളയം തകർത്ത നാട്ടിലേക്ക്. തൊടുപുഴയിലെ ഇടുക്കി പ്രസ്‌ക്ലബിലും പൊലീസ് സ്റ്റേഷനിലും സമാഹരിച്ച ജില്ലയിലെമ്പാടും നിന്നുമുള്ള ധനസഹായങ്ങളും വസ്തുക്കളുമായി പുറപ്പെട്ട വാഹനം പ്രസ്‌ക്ലബ് ഹാളിന് മുന്നിൽ ഇടുക്കി ജില്ലാ ജഡ്ജി മുഹമ്മദ് വസിം ഫ്ളാഗ് ഒഫ് ചെയ്തു. ഉരുൾപൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭങ്ങൾ ഇടുക്കിയും വയനാടുമടക്കം ജില്ലകളെ തുടർച്ചയായി ബാധിക്കുന്ന പശ്ചാത്തലത്തിൽ തള്ളിക്കളഞ്ഞ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്മേൽ പുനരാലോചന നടത്തണമെന്നും ഗാഡ്ഗിൽ നിർേദശങ്ങൾ വിശദ പഠനത്തിനൊടുവിൽ നടപ്പാക്കുന്നത് ആലോചിക്കണമെന്നും മുഹമ്മദ് വസിം പറഞ്ഞു. ജില്ലയിലെ മാധ്യമ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് മൂന്നു ദിവസംകൊണ്ട് സമാഹരിച്ച വിഭവങ്ങളാണ് വയനാട് അടക്കം ദുരിതബാധിത മേഖലയിലേക്ക് എത്തിക്കുന്നത്. പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്രഫ് വട്ടപ്പാറ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പൊലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.എസ്. ഔസേഫ്, ജില്ലാ പ്രസിഡന്റ് ഇ.ജി. മനോജ്, സെക്രട്ടറി പി.കെ. ബൈജു, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.കെ. റഷീദ്, സെക്രട്ടറി കെ.ജി. പ്രകാശ്, പ്രസ്‌ക്ലബ് സെക്രട്ടറി എം.എൻ. സുരേഷ്, ട്രഷറർ എയ്ഞ്ചൽ അടിമാലി എന്നിവർ സംസാരിച്ചു.