വണ്ടിപ്പെരിയാർ: ഏക്കർ കണക്കിന് വരുന്ന കുന്നിൽ മണ്ണിടിഞ്ഞ് ഗർത്തം രൂപപ്പെട്ടതോടെ വികാസ് നഗറിലെ മുപ്പതോളം കുടുംബങ്ങൾ ഭീതിയിലാണ്. വണ്ടിപ്പെരിയാർ വികാസ് നഗറനോടു ചേർന്നുകിടക്കുന്ന സെന്റ് ജോസഫ് സ്‌കൂൾ കോമ്പൗണ്ടിൽ അഞ്ച് അടി വീതം ആഴത്തിൽ മണ്ണ് വിണ്ടു നിൽക്കുന്ന പ്രതിഭാസമാണ് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് അധികൃതരും പൊതു പ്രവർത്തകരും വില്ലേജ് ഓഫീസറെയും പീരുമേട് തഹസിൽദാരെയും വിവരമറിയിച്ചു. ഇവർ നടത്തിയ പരശോധനയിൽ മഴ തുടരുകയാണെങ്കിൽ വലിയ രീതിയിലുള്ള ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാൻ സാധ്യതയുള്ളതായി അറിയിച്ചു. അപകട ഭീതി ഉണ്ടാകുന്ന തരത്തിലാണ് വികാസ് നഗറിനു മുകളിലെ കുന്നിലെ മണ്ണ് രണ്ടായി പിളർന്ന് തൊട്ടു താഴേയ്ക്കു ഇരുന്നിട്ടുള്ളത്. വീണ്ടും മണ്ണിടിഞ്ഞാൽ ആദ്യം സ്വകാര്യ സ്‌കൂളിന്റെ കെട്ടിടത്തിലേയ്ക്കും പിന്നീട് ജനവാസ കേന്ദ്രമായ വികസ് നഗറലേക്കും വന്നു വീഴും. സ്ഥലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പീരുമേട് തഹസിൽദാർ പറഞ്ഞു. ഇതു കൊണ്ടുതന്നെ പ്രദേശത്തെ 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികാസ് നഗർ കോളനിയിൽ താമസിക്കുന്ന 35 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ വില്ലേജ് അധികൃതരുടെയും പഞ്ചായത്ത് മെമ്പർമാരുടെയും നേതൃത്വത്തിൽ നടത്താനാണ് തീരുമാനം. ഇതിന് മുമ്പ് പലതവണ ഇതേ സ്ഥലത്തു നിന്ന് വികാസ് നഗറിലേക്ക് മണ്ണ് കുത്തനെ ഒഴുകി പ്രദേശത്തുള്ള വീടിന്റെ മുകളിൽ വന്നു വീണിരുന്നു. തുടർന്ന് പ്രദേശവാസികൾ വളരെ ഭീതയോടെ തന്നെയാണ് കഴിഞ്ഞിരുന്നത്. സ്ഥലം സന്ദർശിച്ച് പരശോധന നടത്താനായി ജിയോളജിക്കൽ വകുപ്പ് അധികൃതർ തിങ്കളാഴ്ച സ്ഥലത്ത് എത്തും. സ്വകാര്യ തേയില തോട്ടത്തിലുള്ള ഈ ചെറുകുന്നിനു താഴ്‌വാരത്തെ സ്ഥലം അഞ്ച് വർഷം മുമ്പാണ് വിൽപ്പന നടത്തിയത്.