ചെറുതോണി: ലോക ക്രിക്കറ്റിന്റെ നെറുകയിലേയ്ക്കുയർന്ന ഇടുക്കിയുടെ സ്വന്തം അനീഷ് പി. രാജന് നാടായ ചെറുതോണിയിൽ 21ന് ഉച്ചയ്ക്ക് രണ്ടിന് ഉജ്ജ്വല പൗരസ്വീകരണം നൽകും. ഇംഗ്ലണ്ടിൽ നടന്ന ലോക ഭിന്നശേഷി ക്രിക്കറ്റിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ അനീഷ് പി. രാജനാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. രണ്ട് കളിയിൽ മാൻ ഓഫ് ദ മാച്ച് നേട്ടവും കൈവരിച്ചു. വാഴത്തോപ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആസ്ഥാനത്തെ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് വിപുലമായ പൗരസ്വീകരണം നൽകുന്നത്. അനീഷ് പി. രാജൻ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ പഠിച്ച വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെയാണ് ചെറുതോണി പട്ടണത്തിൽ സ്വീകരണം ഒരുക്കുന്നത്. നാടിന്റെ ഉപഹാരവും അനീഷ് രാജന് കൈമാറും. മന്ത്രി, എംപി, എം.എൽ.എമാർ, കായിക രംഗത്തെ പ്രമുഖർ, മുതിർന്ന ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ പ്രവർത്തകർ, രാഷ്ട്രീയ സാമുഹ്യ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും. സ്വീകരണത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കൊച്ചുത്രേസ്യ പൗലോസ്, റെജി മുക്കാട്ട്, സി.വി. വർഗീസ്, എ.പി. ഉസ്മാൻ, സുരേഷ് കോട്ടയ്ക്കകത്ത്, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, റോമിയോ സെബാസ്റ്റ്യൻ എന്നിവർ രക്ഷാധികാരികളായും വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി ചെയർപേഴ്സണായും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴികണ്ടം കൺവീനറുമായി പ്രവർത്തിക്കും. ഷിജോ തടത്തിൽ, റോയി കൊച്ചുപുര, പ്രഭാതങ്കച്ചൻ എന്നിവർ ചീഫ് കോ-ഓഡിനേറ്റർമാരാണ്. സജി തടത്തിൽ ചെയർമാനായി പ്രചരണ വിഭാഗം കമ്മിറ്റിയും ലിസമ്മ സാജൻ ചെയർപേഴ്സണായി റാലി കമ്മിറ്റിയും രൂപീകരിച്ചു.