തൊടുപുഴ: വയനാടിനുള്ള അതിജീവനത്തിനുള്ള ഇടുക്കിയുടെ കൈത്താങ്ങിന് ഈ രണ്ടാം ക്ലാസുകാരിയുടെ കൊച്ചുകുടുക്കയിലെ സമ്പാദ്യവും. നാലര വർഷമായി നാണയതുട്ടുകൾ ഇട്ടു നിറച്ച കുടുക്ക പൊട്ടിച്ച പണവുമായാണ് എർളിൻ അമ്മ കവിതയ്‌ക്കൊപ്പം ഇന്നലെ ഇടുക്കി പ്രസ് ക്ലബിലെത്തിയത്. അച്ഛനും അമ്മയും തന്നിരുന്ന നാണയ തുട്ടുകൾ കുടുക്കയിൽ സൂക്ഷിച്ചവ നിറയുമ്പോൾ എന്തെങ്കിലും ആഗ്രഹം ഉള്ളതു വാങ്ങാമെന്ന് കരുതി സൂക്ഷിച്ചിരുന്നതാണ്. എന്നാൽ കുടുക്ക നിറഞ്ഞപ്പോൾ മറ്റ് ആഗ്രഹങ്ങളൊക്കെ വഴിമാറി അത് പ്രളയത്തിൽ നഷ്ടം സംഭവിച്ചവരെ സഹായിക്കാനായി നൽകുകയായിരുന്നു. ഒന്നും രണ്ടും അഞ്ചും പത്തുമൊക്കൊയായി നാലര വർഷം കൊണ്ട് സമ്പാദിച്ചത് 1730 രൂപയായിരുന്നു. ഇവ പ്രസ് ക്ലബ് ഭാരവാഹികൾക്ക് കൈമാറി എർളിൻ സന്തോഷത്തോടെ മടങ്ങി. കൊല്ലശേരിൽ ജിയോ- കവിത ദമ്പതികളുടെ മകളായി എർളിൻ ആലക്കോട് ഇൻഫന്റ് ജീസസ് സ്‌കൂൾ വിദ്യാർഥിയാണ്.