കുമളി: അപൂർവയിനം കുരങ്ങിനെ വിൽക്കാൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശികളടക്കം നാല് പേർ വനംവകുപ്പിന്റെ കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശികളായ മാതപറമ്പ് ഭവിനേഷ് (26),​ തിരുനക്കര മരുതാച്ചിക്കൽ സുജിത്ത് (25),​ ദിണ്ഡിക്കൽ സ്വദേശികളായ ശങ്കർ (27),​ സുന്ദർ (34)​​ എന്നിവരാണ് പിടിയിലായത്. ഭവിനേഷും സുജിത്തും തമിഴ്നാട് സ്വദേശികളായ ശങ്കറിനും സുന്ദറിനും വിൽക്കാനാണ് കുരങ്ങിനെ കൊണ്ടുവന്നത്. ഇന്നലെ രാത്രി എട്ടോടെ കുമളി ചെക്പോസ്റ്റിൽ എക്‌സൈസ് പരിശോധനയിൽ സംഘം പിടിയിലാവുകയായിരുന്നു. കൊളംബിയയിൽ കാണപ്പെടുന്ന തരത്തിലുള്ള കുരങ്ങാണിത്. ഇത് ഇവരുടെ കൈവശം വന്നതിനെ പറ്റി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. 500 ഗ്രാം തൂക്കം വരുന്ന കുരങ്ങാണിത്. ഇത് വീട്ടിൽ വളർത്തിയാൽ ഐശ്വര്യം വരുമെന്ന തെറ്റിദ്ധാരണ പരത്തിയാണ് കച്ചവടമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇവരുടെ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.