tree

രാജാക്കാട് : കനത്ത മഴയെത്തുടർന്ന് പൂപ്പാറ ടൗണിന് സമീപം തലക്കുളത്ത് ദേശീയ പാതയിലേയ്ക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയുടെ നിർമ്മാണത്തിനായി നീക്കം ചെയ്യാൻ വനം വകുപ്പ് നമ്പരിട്ട് നിർത്തിയിരുന്ന വേങ്ങ മരമാണ് റോഡിന് കുറുകെ മറിഞ്ഞുവീണത്. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകൾ മുടങ്ങി. സംഭവം ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് നാട്ടുകാർ വിളിച്ച് പറഞ്ഞിട്ടും വെട്ടി മാറ്റാൻ നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പാതയുടെ പണികൾക്കായി മണ്ണ് മാറ്റിയതിനെ തുടർന്ന് വേരുകൾ തെളിഞ്ഞ് നിന്നിരുന്ന മരം ഇന്നലെ പുലർച്ചെയാണ് മറിഞ്ഞുവീണത്. പൂപ്പാറ ടൗണിൽ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം അകലെയാണിവിടം. പവ്വർ ഹൗസ്, ചിന്നക്കനാൽ, പെരിയകനാൽ, ആനയിറങ്കൽ ഭാഗങ്ങളിലേയ്ക്കുള്ള വാഹന ഗതാഗതം ഇതോടെ തടസ്സപ്പെട്ടു. നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും വെട്ടിമാറ്റി തടസം നീക്കുവാൻ വനം വകുപ്പ് തയ്യാറായില്ല. തുടർന്ന് ഇവർ ശാന്തൻപാറ സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് ഇടപെട്ടാണ് വനം വകുപ്പിനെക്കൊണ്ട് മുറിച്ച് മാറ്റിച്ചത്. 381 കോടി രൂപ ചെലവിലാണ് ദേശീയപാതയുടെ നിർമ്മാണം നടത്തുന്നത്. രണ്ടായിരത്തോളം മരങ്ങൾ ഇതിനായി വെട്ടി മാറ്റേണ്ടതുണ്ട്. എന്നാൽ വനം വകുപ്പിന്റെ കർശന നിലപാടുകൾ മൂലം മരങ്ങൾ ലേലത്തിൽ പിടിയ്ക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ട്. ഇതുമൂലം പാതയുടെ നിർമ്മാണം പലയിടങ്ങളിലും നിലച്ചിരിക്കുകയാണ്. വന ഭാഗങ്ങളിലൂടെയും ഏലത്തോട്ടങ്ങളിലൂടെയും കടന്നുപോകുന്ന റോഡായതിനാൽ കാലപ്പഴക്കം ചെന്ന നിരവധി മരങ്ങളാണ് ഏത് നിമിഷവും പാതയിലേയ്ക്ക് മറിഞ്ഞുവീഴാൻ പാകത്തിന് നിൽക്കുന്നത്. കനത്ത മഴയാണ് ഇന്നലെ ശാന്തൻപാറയിൽ ലഭിച്ചത്. മൂലത്തറ ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുകയാണ്.