രാജാക്കാട് : രാജകുമാരിക്ക് സമീപം മഞ്ഞക്കുഴി തോട്ടിൽ ആദിവാസിയെ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ഞക്കുഴി പട്ടികവർഗ്ഗ കുടിയിലെ കുമാറിനെ (45) ആണ് തോട്ടിൽ ഏലത്തോട്ടത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് ഇന്നലെ രാവിലെ കണ്ടെത്തിയത്. മഞ്ഞക്കുഴിയിൽ സ്വകാര്യ ഉടമയുടെ ഏലത്തോട്ടത്തിലെ വാച്ചറായ കുമാർ ശനിയാഴച്ച പകൽ ഭാര്യ മുത്തുമാരിയ്ക്ക് സുഖമിലാതിരുന്നതിനാൽ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. വൈകിട്ട് മടങ്ങിയെത്തിയ ശേഷം രാത്രിയോടെ തോട്ടത്തിലെ കാവൽ ജോലിയ്ക്കായി പോയി. പ്രദേശത്ത് കനത്ത മഴയും തോട്ടിൽ നല്ല നീരൊഴുക്കും ഈ സമയം ഉണ്ടായിരുന്നു. ഇന്നലെ രാവിലെ തോട്ടത്തിൽ എത്തിയവർ തോട്ടിലെ നീരൊഴുക്കിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിന് ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തോട്ടത്തിലൂടെ നടക്കുന്നതിനിടെയോ തോട് മറികടക്കുവാൻ ശ്രമിക്കുന്നതിനിടയിലൊ കാൽ വഴുതിവീണ് അപകടം സംഭവിച്ചതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. എസ്. ഐ ബി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ദീപ, സൂര്യ എന്നിവരാണ് മക്കൾ.