തൊടുപുഴ : ബാങ്ക് ലയനം ഉൾപെടെയുള്ള ജന വിരുദ്ധ ബാങ്കിംഗ് പരിഷ്‌കരണങ്ങൾ നിറുത്തിവയ്ക്കണമെന്ന് ബെഫി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദേശാൽക്കരണത്തിന്റെ 50ാം വാർഷികം ആഘോഷിക്കേണ്ട സമയത്ത് ലയനത്തിന്റെ പേരിൽ ജനകീയ ബാങ്കുകൾ അടച്ചു പൂട്ടുകയാണ്. കുത്തകൾക്കനുകൂലമായ വായ്പാ നയമാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇന്ത്യയിലെ ബാങ്കുകൾ നൽകിയിരിക്കുന്ന വായ്പകളിൽ തൊണ്ണൂറ് ശതമാനവും അഞ്ചു കോടി രൂപക്ക് മുകളിലുള്ളവയാണ്. ഈ വായ്പകൾ കിട്ടാക്കടമാകുന്നതും എഴുതി തളളുന്നതും സർവ്വസാധാരണമായിരിക്കുന്നു. ഇത് ബാങ്കുകളുടെ നിലനിൽപിനെ തന്നെ അപകടത്തിലാക്കുന്നതാണ്. ജനകീയ ബാങ്കിംഗ് നയം രൂപീകരിച്ച് ചെറുകിട വായ്പകൾ കൂടുതൽ വിതരണം ചെയ്തു കൊണ്ട് മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ. കൂടുതൽ ശാഖകൾ തുടങ്ങാനും കൂടുതൽ ജീവനക്കാരെ നിയമിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണം.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ 13ാം ജില്ലാ സമ്മേളനം ബെഫി ജനറൽ സെക്രട്ടറി എസ്. എസ്. അനിൽ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി..എം. ഹാജിറ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ.സോമൻ, ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് : ആർ.മോഹനൻ എന്നിവർ പ്രസംഗിച്ചു.