മറയൂർ: മഴ ലഭിച്ചതോടെ മറയൂരിൽ ഉരുളക്കിഴങ്ങ് കൃഷി ഉഷാറായി. മറയൂർ മലനിരകളിലെ കർഷകരുടെ ഏറ്റവും വലിയ വിളവെടുപ്പ് സമയമാണ് ഓണക്കാലം.വർഷം മുഴുവൻ ശീതകാല വിളകൾ ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഏറ്റവും അധികം വില ലഭിക്കുന്നത് ഓണക്കാലത്താണ്. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് കേരളത്തിലേക്കുള്ള റോഡുകൾ തകർന്നതിനെ തുടർന്ന് പച്ചക്കറികൾ വിപണിയിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഓണ വിപണിയിലേക്ക് കൃഷിയിറക്കുന്നത് മേയ് - ജൂൺ മാസങ്ങളിലാണ്. ക്യാരറ്റ് ,കോളിഫ്ളവർ, കാബേജ്, വെളുത്തുള്ളി , ബീൻസ് എന്നീ ശീതകാല വിളകളാണ് കൂടുതലായി ഈ സീസണിൽ കൃഷി ഇറക്കുന്നത്. എന്നാൽ ഇത്തവണ മറയൂർ മലനികളിൽ മഴകുറവായതിനെ തുടർന്ന് ഉരുളക്കിഴങ്ങാണ് കർഷകർ കൃഷി ഇറക്കിയിരിക്കുന്നത്. കാന്തല്ലൂർ, പെരുമല , നാരാച്ചി, ഗുഹനാഥപുരം പുത്തൂർ , എന്നിവടങ്ങളിലാണ് ഉരുളക്കിഴങ്ങ് കൃഷി ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്കയായി ശരാശരി മഴ ലഭിക്കുകയും ചെയ്തതോടെ ഉരുളക്കിഴങ്ങ് തോട്ടങ്ങൾ പൂവിട്ട് വിളവെടുപ്പിന് പാകമായിരിക്കുകയാണ് .ചെടികളുടെ വളർച്ച നിരീക്ഷിച്ച കർഷകർ മികച്ച വിളവ് ലഭിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. തമിഴ്നാട് മേട്ടുപ്പാളയത്ത് നിന്നും കുന്നൂർ ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും എത്തിച്ച കുപ്പിരി ജ്യോതി, കുപ്പിരി മുത്ത് എന്നീ വിത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
പാലം
കടക്കുമോ
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഉണ്ടായ മലവെള്ളപാച്ചിലിൽ പെരിയവരപ്പാലം തകർന്നിരുന്നു. ഇതിനാൽ കഴിഞ്ഞ വർഷം എറണാകുളം പെരുമ്പാവൂർ മാർക്കറ്റുകളിലേക്ക് പച്ചക്കറികൾ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അടിയന്തിരമായി താത്കാലിക പാലം നിർമ്മിച്ച ഗതാഗത സൗകര്യം പുനസ്ഥാപിച്ചെങ്കിലും ഓണ വിപണി കർഷകർക്ക് നഷ്ടമാവുകയും തുശ്ചമായ വിലക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും പച്ചക്കറി നൽകുയായിരുന്നു.
ഇത്തവണ ഉണ്ടായ കനത്ത മഴയിൽ താത്കാലികമായി നിർമ്മിച്ച പാലം ഭാഗികമായി നശിച്ചതിനെ തുടർന്ന് ചരക്ക് വാഹനങ്ങൾ കടത്തി വിടുന്നത് തടഞ്ഞിരിക്കുകയാണ്. ആഗസ്റ്റ് മാസം 30 മുതൽ പച്ചക്കറിയുടെ ആവശ്യക്കാർ ഉണ്ടെന്നും വിളവെടുപ്പ് തുടങ്ങേണ്ടതുമുണ്ട് . പിന്നീടുള്ള ദിവസങ്ങളിലാണ് ഏറ്റവും അധികം കച്ചവടം നടക്കുന്നതും വില ലഭിക്കുന്നതും അതിന് മുൻപായി പാലത്തിൽ കൂടി ചരക്ക് വാഹനങ്ങൾ കടത്തിവിടാൻ കഴിഞ്ഞില്ലെങ്കിൽ കർഷർ വിളകൾ തമിഴ്നാട്ടിൽ എത്തിച്ച് വിൽപന നടത്തേണ്ട സാഹചര്യം കർഷകർക്ക് വീണ്ടും വന്നു ചേരും എന്ന് ആശങ്കപ്പെടുന്നു.