തൊടുപുഴ : ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഇടപെട്ടതോടെ തകർന്ന് കിടക്കുന്ന അഞ്ചിരി കുട്ടപ്പൻകവല – ആനക്കയം– കാഞ്ഞാർ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയായി. ഇന്നലെ മുട്ടം കോടതി സമുച്ചയത്തിൽ നടന്ന ലീഗൽ സർവീസ് അതോറിറ്റി അദാലത്തിൽ റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് നടപടികൾ പൂർത്തിയായി വരുന്നതായി പൊതുമരാമത്ത് അസി. എൻജിനീയർ രേഖാമൂലം അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായെന്നും കരാർ വെച്ചാൽ മതി എന്നുമാണ് അറിയിച്ചിരിക്കുന്നത്. ആനക്കയം റോഡിൽ കുട്ടപ്പൻകവല മുതൽ കാഞ്ഞാർ വരെയുള്ള ഭാഗം തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് ഒരു വർഷമായിട്ടും നന്നാക്കാതെ കിടക്കുകയാണ്. ഈ റോഡിൽ തെക്കുംഭാഗം മുതൽ അഞ്ചിരി വരെയുള്ള റോഡ് നന്നാക്കിയെങ്കിലും ബാക്കി ഭാഗം ഒന്നും ചെയ്തില്ല. ഇതിനായി നാട്ടുകാർ പൊതുമരാമത്ത് അധികൃതരെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതെ തുടർന്നാണ് തലയനാട് പെരുങ്കൊഴുപ്പ് ജയ്ഭാരത് ലൈബ്രറി പ്രസിഡന്റ് തോമസ് മൈലാടൂരിന്റെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ പരാതി നൽകിയത്. ഇതെ തുടർന്ന് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം.പിള്ള നേരിട്ട് എത്തി തകർന്ന റോഡ് കാണുകയായിരുന്നു. ഇതെ തുടർന്ന് റോഡിന്റെ പുനരുദ്ധാരണത്തിന് എന്ത് നടപടി സ്വീകരിച്ചു വെന്ന് അദാലത്തിൽ രേഖാമൂലം അറിയിക്കണമെന്ന് സെക്രട്ടറി പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡിന്റെ ബാക്കി ഭാഗം റീടാർ ചെയ്യുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായതായി കാട്ടി കഴിഞ്ഞ ദിവസം നടന്ന അദാലത്തിൽ പൊതുമരാമത്ത് അസി.എൻജിനീയർ രേഖാമൂലം മറുപടി നൽകിയത്. റോഡിൽ നടത്തിയ പണികൾ സംബന്ധിച്ച് അടുത്ത ഒക്ടോബർ 9ന് നടക്കുന്ന അദാലത്തിൽ രേഖാമൂലം വിവരം നൽകണമെന്നും ദിനേശ് എം പിള്ള പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.