റവന്യൂ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി
വണ്ടിപ്പെരിയാർ: വികാസ് നഗറിന് സമീപം കുന്ന് ഇടിഞ്ഞുതാഴ്ന്ന പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണിയുള്ളതായി റവന്യൂ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ജില്ലാ ജിയോളജിസ്റ്റ് അജയകുമാർ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ നടത്തിയത്. തുടർന്ന് പ്രദേശവാസികളായ 34 കുടുംബങ്ങളോട് മാറി താമസിക്കാൻ നിർദേശം നൽകുകയായിരുന്നു. മണ്ണിടിഞ്ഞ് വീഴാൻ കൂടുതൽ സാദ്ധ്യതയുള്ള പ്രദേശത്തിലെ 10 കുടുംബങ്ങളെ റവന്യു വകുപ്പ് മാറ്റി പാർപ്പിച്ചു.ഇവർ ബന്ധുവീടുകളിലേക്കാണ് മാറിയിരിക്കുന്നത്. ടൗണിനോട് ചേർന്ന കുന്നിൻഭാഗത്ത് മണ്ണിടിച്ചിൽ പ്രതിഭാസം ചെറിയ രീതിയിൽ ഉരുൾപൊട്ടൽ ഉണ്ടായതാണെന്നാണ് ജിയോളജി വകുപ്പ് കണ്ടെത്തൽ. ഇനിയും മഴ പെയ്താൽ ഉരുൾപൊട്ടൽ ഉണ്ടാവാൻ സാദ്ധ്യത ഉണ്ടെന്നും ജിയോളജി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയിലുടെ ഉറവ വെള്ളം ഒലിച്ചിറങ്ങുന്നതായും കണ്ടെത്തി.ഞായറഴ്ച ഉച്ചയ്ക്ക് 3 മണിയോടെ സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തിയത്. മണ്ണിലേ സ്വഭാവീക നീർച്ചാലകൾ അടഞ്ഞതാണ് ഇത്തരത്തിൽ വിള്ളൽ ഉണ്ടായത്. കുന്നിനു താഴ് വാരത്ത് ഉണ്ടായിട്ടുള്ള ഉറവകളിലൂടെ വെള്ളം പുറത്തേയ്ക്കു പോകുന്നതിനാൽ സംതുലതാവസ്ഥ നിലനിൽക്കുന്നതിനാൽ മണ്ണ് ഇടിയാതെ നിൽക്കുന്നത്. പ്രകൃതിയിൽ വന്ന മാറ്റവുംവിള്ളൽ ഉണ്ടായ സ്ഥലത്തിന് പരിസരത്ത് മനുഷ്യനിർമ്മിതമായ മണ്ണ് ഇടിച്ചിട്ടുള്ള പ്രവർത്തനവും കാരണമായതായി ജിയോളജി ജില്ലാ മേധാവി പറഞ്ഞു. അപകട സാദ്ധ്യത കണ്ടാണ് ഞായാഴ്ച തന്നെ പരിശോധന നടത്തിയത്. വിശദമായ റിപ്പോർട്ട് കളക്ടർക്ക് നൽകും.
വണ്ടിപ്പെരിയാർ വികാസ് നഗറിനു തൊട്ട് മുകളിലെ കുന്നിൽ നിന്നാണ് മണ്ണ് ഇടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഏക്കർ കണക്കിന് വരുന്ന കുന്നിൽ മണ്ണിടിഞ്ഞ് ഗർത്തം രൂപപ്പെട്ടതോടെ വികാസ് നഗറിലെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. അപകട ഭീതി ഉണ്ടാകുന്ന തരത്തിലാണ് ഇപ്പോൾ മണ്ണ് രണ്ടായി പിളർന്ന് തൊട്ടു താഴെയ്ക്കു ഇരുന്നിട്ടുള്ളത്. അഞ്ച് അടി വീതം ആഴത്തിൽ മണ്ണ് വിണ്ടു നിൽക്കുന്ന പ്രതിഭാസമാണ് ഉണ്ടായിരിക്കുന്നത്.
സ്വകാര്യ തേയില തോട്ട ഭുമിയിൽ ഉള്ള ഈ ചെറുകുന്നിനു താഴ്വാരം സ്ഥലം അഞ്ച് വർഷം മുമ്പാണ് വിൽപ്പന നടത്തിയത്.
അശാസ്ത്രിയമായ രീതിയിൽ മണ്ണെടുപ്പും റോഡ് നിർമ്മാണവും നടത്തിയതാണ് മണ്ണിടിയാൻ കാരണമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.