രാജാക്കാട് : ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിൽ വിഷച്ചെടിയായ 'പാർത്തീനിയം' ചെടികൾ വ്യാപകമാകുന്നു. വർഷത്തിൽ മിക്കവാറും സമയങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന അധിനിവേശ സസ്യമായ ഇവയെ ഏറ്റവും അപകടകാരികളായ സസ്യങ്ങളുടെ പട്ടികയിലാണ് ശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയിട്ടുള്ളത്.

ദേശീയ പാതകൾ ഉൾപ്പെടെയുള്ള റോഡുകളുടെ ഓരങ്ങളിലും തൊഴിലാളി ലയങ്ങൾക്ക് സമീപവും സ്‌കൂൾ പരിസരങ്ങളിലുമൊക്കെ ഇവ തഴച്ച് വളരുന്നുണ്ട്. ചെറിയ മൊട്ടുകൾ പോലുള്ള വെളുത്ത പൂക്കൾ കുലയായി നിൽക്കുന്നതിനാൽ കാഴ്ച്ചയ്ക്ക് മനോഹരമാണ്. ഇക്കാരണത്താൽ ഇവ ഒടിച്ചെടുത്ത് ഫ്‌ളവർവേസുകളിലും, ബൊക്കേകളിലും പോലും ഉപയോഗിക്കാറുണ്ട്. ഇവയുമായുള്ള സമ്പർക്കം ആസ്ത്മ, മൂക്കൊലിപ്പ്, അലർജ്ജി, ത്വക് രോഗങ്ങൾ തുടങ്ങി ക്യാൻസറിന് വരെ വഴിവയ്ക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. പൂക്കളിൽനിന്നും കാറ്റിലൂടെ അന്തരീക്ഷത്തിൽ വ്യാപിക്കുന്ന രേണുക്കൾ ശ്വസിക്കുന്നവർക്ക് അപ്പോൾത്തന്നെ തുമ്മലും, മറ്റ് അസ്വസ്തതകളും ഉണ്ടാകാറുണ്ട്. കുടിവെള്ളത്തിലും, ഭക്ഷണത്തിലും പൂമ്പൊടി കലരുന്നതുമൂലം നേരിട്ടും ശരീരത്തിനുള്ളിൽ എത്തുന്നു.

'ആസ്റ്ററേഷ്യ' സസ്യകുടുംബത്തിൽപ്പെടുന്ന ഈ കളയുടെ ജൻമദേശം വടക്കെ അമേരിക്കയാണ്. മനുഷ്യരെയും മൃഗങ്ങളെയും ഒന്നുപോലെ ദോഷകരമായി ബാധിക്കുന്ന ഈ ചെടിയുടെ വിത്തുകൾ ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിലൂടെയോ സാധന സാമഗ്രികളിലൂടെയൊ ദശകങ്ങൾ മുൻപ് ഹൈറേഞ്ചിൽ എത്തിയെന്ന് കരുതപ്പെടുന്നു. ലയങ്ങളിലെ താമസക്കാരായ മിക്ക കുട്ടികൾക്കും തൊഴിലാളികൾക്കും വിട്ടുമാറാത്ത ശ്വാസം മുട്ടലും അലർജ്ജിയും ദേഹം ചൊറിഞ്ഞ് തടിയ്ക്കലും വർഷങ്ങളായുണ്ട്. നിരന്തരം കളനാശിനി പ്രയോഗിയ്ക്കുന്നതിനാൽ തേയിലത്തോട്ടങ്ങളിൽ ഈ ചെടിയുടെ ശല്ല്യമില്ല.

വെട്ടി മാറ്റിയാലൊ കത്തിച്ചു കളഞ്ഞാൽപ്പോലുമൊ ഇവയ്ക്ക് വംശനാശം സംഭവിക്കുന്നില്ല. മണ്ണിൽ വീഴുന്ന വിത്തുകൾ വർഷങ്ങളോളം നശിക്കാതെ കിടക്കുകയും അനുകൂല കാലാവസ്ഥയിൽ മുളച്ചുവരുകയും ചെയ്യുന്നതിനാലാണിത്.