ഇടുക്കി: ഇവിടെ മീനിൽ മായമില്ല അതുകൊണ്ട് ആവശ്യക്കാരേറെയാണ്. പുഴ മത്സ്യം പോലെ ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തിൽ വളരുന്ന മത്സ്യങ്ങളുടെ രുചിത്തനിമ അറിയുകയും ചെയ്യാം. വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി വനം വന്യ ജീവി സങ്കേതത്തിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ച' മത്സ്യാരണ്യകം ' പദ്ധതിയാണ് മത്സ്യ വിൽപ്പനയിൽ പെരുമ നേടിയത്.വെള്ളാപ്പാറ കേന്ദ്രീകരിച്ചാണ് വില്പന നടത്തുന്നത്. ഇന്നലെ മാത്രം ലഭിച്ചത് 17300 രൂപയുടെ 69.2 കിലോ മത്സ്യമാണ്. അതിൽ 7500 രൂപയുടെ 30 കിലോയുള്ള ഭീമൻ മീനും ഉൾപ്പെടുന്നു.
ഇടുക്കി അണക്കെട്ടിന്റെ സാക്ഷാത്കാരത്തിന് കാരണഭൂതനായ കൊലുമ്പന്റെ പിൻമുറക്കാരായ കൊലുമ്പൻ കോളനി നിവാസികൾ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടിൽ നിന്നും മീൻ പിടിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങൾ വിറ്റഴിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വനംവകുപ്പ് ഈ പദ്ധതി ആരംഭിച്ചത്. പൊതു സമൂഹത്തിനു മായമില്ലാത്ത ഡാം മീൻ ലഭ്യതക്കനുസരിച്ചു നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
എല്ലാദിവസവും രാവിലെ 10 ന് വെള്ളാപ്പാറ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള സ്റ്റാളിൽ നിന്നു ആവശ്യക്കാർക്ക് മുൻകൂർ ഓർഡർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കിലോഗ്രാമിന് 250 രൂപ നിരക്കിൽ നേരിട്ടും മത്സ്യം വാങ്ങാവുന്നതാണ്. ഓർഡറുകൾ തലേദിവസം രാത്രി 8 ന് പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിക്കാം. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ചു പിറ്റേദിവസം രാവിലെ 9 ന് മുൻഗണന ക്രമത്തിൽ ഓർഡർ ഉറപ്പിച്ചു ചെയ്ത് മെസേജ് അയക്കുകയും രാവിലെ 10 ന് മത്സ്യം വാങ്ങി പോകാവുന്ന രീതിയിലാണ് ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. മത്സ്യം വാങ്ങുന്നതിനു ബുക്കിംഗ് നമ്പർ: 9074770213.