ചെറുതോണി:ഭിന്നശേഷിക്കാർ മാത്രം പങ്കെടുത്ത ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ ഇടുക്കി സ്വദേശി അനീഷ് പി രാജൻ ക്രിക്കറ്റിന് പുറമെ മറ്റ് കായിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നതായി സഹ പാഠികൾ. ആദ്യകാലങ്ങളിൽ ഫാസ്റ്റ് ബോളറായിരുന്ന അനീഷിന്റെ വേഗതയ്ക്കും കൃത്യതയ്ക്കും മുന്നിൽ മിഡിൽ സ്റ്റബുകൾ ഇളകി തെറിച്ചിരുന്നതായും പാറേമാവിൽ കൂടെ കളിച്ചു കൊണ്ടിരുന്ന സുഹൃത്തുക്കൾ പറയുന്നു. തന്റെ പരിമിതികളെ പരിഗണിക്കാതെ പരിശ്രമവും കഠിനാദ്ധ്വാവാനവും കൊണ്ട് പുതിയ അവസരങ്ങൾ നേടിയെടുത്ത അനീഷ് ക്രിക്കറ്റിൽ മാത്രമല്ല ഫുട്‌ബോളിലും, വോളിബോളിലും മികവു തെളിയിച്ചിട്ടുണ്ട്.
ഞയറാഴ്ച വൈകിട്ട് നെടുമ്പാശ്ശേരിയിൽ എത്തിയ അനീഷ് പി.രാജൻ തിങ്കളാഴ്ച രാവിലെയാണ് ചെറുതോണിയിലെ വീട്ടിലെത്തിയത്. ആൾ ഇന്ത്യൻ ക്രിക്കറ്റ് അസ്സോസിയേഷൻ ഫോർ ഫിസിക്കലി ചലഞ്ച് എന്ന സംഘടനയാണ് മൽസരത്തിന് അവസരമൊരുക്കിയത് . 17 വയസിൽ തഴെയുള്ളവരുടെ വിഭാഗത്തിലും 19 വയസിൽ ഉള്ളവരുടെ വിഭാഗത്തിലും പങ്കെടുത്ത മൽസരങ്ങളാണ് ക്രിക്കറ്റിന്റെ ഭാവി മൽസരങ്ങളിൽ പങ്കെടുക്കാൻ പ്രചോദനം നൽകിയത് എന്നും മൽസരത്തിനായി ലണ്ടനിലേക്ക് പുറപ്പെടുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയുണ്ടായിരുന്നുവെന്നും അനീഷ് .പി .രാജൻ പറഞ്ഞു. ഇടുക്കി പാറേമ്മാവ് പടിയത്തറയിൽ പി.രാജന്റെയും ശ്യാമളയുടെയും മൂന്നു മക്കളിൽ ഇളയ മകനാണ് അനീഷ് . ഈ വർഷം ആദ്യം ഹരിയാനയിൽ നടന്ന ഇന്റർ സോൺ ടൂർണമെന്റിൽ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലണ്ടൻ മൽസരത്തിന് കളമൊരുക്കിയത് എന്നും അനീഷ് പറഞ്ഞു . കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും ബിടെക് പൂർത്തിയാക്കിയ ഇടുക്കിയുടെ താരം അനീഷ് പി. രാജൻ. ക്രിക്കറ്റിനോടൊപ്പം ചേർത്തുകൊണ്ടു പോകാവുന്ന ജോലിക്കുള്ള ശ്രമത്തിലാണിപ്പോൾ. അനീഷിന്റെ പിതാവ് പി.രാജൻ വാഴത്തോപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റും എസ് എൻ ഡി പി ഇടുക്കി യൂണിയൻ പ്രസിഡന്റുമാണ്.