രാജാക്കാട് : കഴിഞ്ഞ വർഷത്തെ പ്രളയവും, തുടർന്നുവന്ന കൊടും വേനലും അതിജീവിക്കാൻ പെടാപ്പാട് പെട്ട കർഷകർക്ക് കനത്ത തിരിച്ചടിയായി കോരിച്ചൊരിഞ്ഞ പേമാരിയും, തുടർന്നുണ്ടായ മണ്ണിടിച്ചിലുകളും, ഉരുൾപൊട്ടലുകളും.
ജില്ലയിൽ മൊത്തം 7,000 കർഷകരുടെ 1642 ഹെക്ടർ സ്ഥലത്തെ വിളകൾ മഴമൂലവും, 30 ഹെക്ടറിലെ കൃഷി മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും നശിച്ചു. 26.35 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ ഇതുവരെയുള്ള കണക്ക്. ഏറ്റവും കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത് കട്ടപ്പന്ന ബ്‌ളോക്കിൽ ആണ്. തൊട്ടടുത്ത് ഇടുക്കി ബ്‌ളോക്ക് നിൽക്കുന്നു. ഏറ്റവും കുറച്ച് നാശം വന്നിട്ടുള്ളത് അടിമാലി ബ്‌ളോക്കിലാണ്.വ്യക്തമായ കണക്ക് തിട്ടപ്പെടുത്തുമ്പോൾ ഇതിലും കൂടുമെന്നാണ് കണക്കുകൂട്ടൽ. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആദ്യഘട്ടമായി 4.5 കോടി രൂപയാണ് ജില്ലാ കൃഷി ഓഫീസ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക കണക്ക് പ്രകാരം ഏലംകൃഷിയ്ക്കാണ് കൂടുതൽ നാശം സംഭവിച്ചിരിക്കുന്നത്. 490 ഹെക്ടറിലെ ഏലം നശിച്ചു. 102 ഹെക്ടർ ഏത്തവാഴ, 70 ഹെക്ടർ കുരുമുളക് കൃഷി, 20 ഹെക്ടറിലെ റബ്ബർ, 160 ഹെക്ടർ സ്ഥലത്തെ പച്ചക്കറി കൃഷി എന്നിവയും നശിച്ചിട്ടുണ്ട്.
നഷ്ടത്തിൽ മുന്നിൽ ഏലം കർഷകർ
ഇതിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത് ഏലം കർഷകരാണ്. വൻ തുക നൽകി പാട്ടത്തിനെടുത്ത സ്ഥലത്ത് ഭാരിച്ച തുക മുടക്കി കൃഷി ചെയ്തിരിക്കുന്നവരാണ് അധികവും. കടുത്ത വേനൽ മൂലം ചെടികളിൽ നല്ലൊരു പങ്കും ഉണങ്ങി നശിച്ചിരുന്നു. അവശേഷിയ്ക്കുന്ന ചെടികളായിരുന്നു ഏക പ്രതീക്ഷ. ഇതാണ് മഴ തകർത്തിരിക്കുന്നത്. മുടക്കിന് ആനുപാതികമായി സർക്കാരിന്റെ നഷ്ടപരിഹാരം ലഭിയ്ക്കില്ലെന്നതും കർഷകർക്ക് തിരിച്ചടിയാകും.പാടങ്ങളിൽ കൃഷിയിറക്കിയിരുന്ന ഏത്തവാഴയും, കപ്പയും, പക്കറികളും അടക്കം 262 ഹെക്ടറിലെ വിളകളാണ് നശിച്ചിരിക്കുന്നത്. ഇത നാടിന്റെ ഭക്ഷ്യ സുരക്ഷയെപ്പോലും പ്രതികൂലമായി ബാധിക്കും. ഓണക്കാലം മുന്നിൽക്കണ്ട് കൃഷിചെയ്തിരുന്ന വാഴകൾ നല്ലൊരു പങ്കും ഒരു മാസത്തിനകം വിളവെടുക്കാൻ പാകത്തിന് നിന്നിരുന്നവയാണ്. കിലോയ്ക്ക് 40 രൂപയെങ്കിലും ലഭിക്കുമായിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 രൂപയ്ക്ക് പോലും ആർക്കും വേണ്ടാത്ത സ്ഥിതിയാണ്. അരുവികളും തോടുകളും കരകവിഞ്ഞ് ഒഴുകിയും, ഉരുൾപൊട്ടിയ വെള്ളവും ചെളിയും, മരങ്ങളും കല്ലും കയറിയും മുട്ടുകാട്, മഞ്ഞക്കുഴി തുടങ്ങിയ പാടശേഖരങ്ങൾ നികന്ന അവസ്ഥയിലാണ്. ഇവയെ പൂർവ്വ സ്ഥിതിയിലേയ്ക്ക് മടക്കിക്കൊണ്ടുവരാൻ സർക്കാർ സഹായം കൂടാതെ കഴിയില്ല.
വീണ്ടെടുക്കൽ പ്രയാസം
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിലെ ഭൂമി പുനഃരുപയോഗത്തിന് പറ്റാത്ത വിധം തകർന്നുകഴിഞ്ഞു. ഇവിടങ്ങളിൽ നിന്നിരുന്ന തെങ്ങ്, ജാതി, ഗ്രാമ്പു, കുടംപുളി, കമുക്, കൊക്കോ, കുരുമുളക് തുടങ്ങിയവ ഉൾപ്പെടെയുള്ള ദീർഘകാല വിളകളുടെ നാശം നാടിന്റെ സമ്പദ്ഘടനെയും ബാധിയ്ക്കും.
*7,000 കർഷകരെ പേമാരി ബാധിച്ചു.
*1642 ഹെക്ടറിലെ വിളകൾ മഴമൂലം നശിച്ചു.
*30 ഹെക്ടർ കൃഷി മണ്ണിടിഞ്ഞും, ഉരുൾപൊട്ടിയും നശിച്ചു.
* 26.35 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിലയിരുത്തൽ.
*ഏറ്റവുമധികം നാശം കട്ടപ്പന ബ്‌ളോക്കിൽ.
*കൃഷിനാശത്തിന് സെപ്തംബർ 7 വരെ അപേക്ഷ സമർപ്പിക്കാം.
'കഴിഞ്ഞ പ്രളയത്തിൽ നഷ്ടം നേരിട്ട കർഷകർക്ക് 15 കോടിയോളം രൂപ ദുരിതാശ്വാസമായി നൽകി. ട്രഷറി ക്‌ളിയറൻസ് ലഭിക്കാത്തതുമൂലം 16 ലക്ഷം രൂപ വിതരണം ചെയ്യാനായിട്ടില്ല. ഇത്തവണ കൃഷി നാശം നേരിട്ട കർഷകർക്ക് സെപ്തംബർ 7 വരെ അതത് കൃഷിഭവനുകളിൽ അപേക്ഷ നൽകാൻ അവസരമുണ്ട്. എത്രയും വേഗം നഷ്ടപരിഹാരം നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ കൃഷിവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
രമ കെ. നായർ, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ