തൊടുപുഴ : വാഗമണ്ണിനെ സീറോ വേസ്റ്റ് ടൂറിസം കേന്ദ്രമാക്കി നിലനിർത്തി സംരക്ഷിക്കാനുതകുന്ന ജനകീയ കൂട്ടായ്മ 'ക്ലീൻ വാഗമൺ'നെക്കുറിച്ച് ആലോചിക്കുന്നതിന് വിപുലമായ ശിൽപ്പശാല ഇന്ന് രാവിലെ 10.30ന് വാഗമൺ കെഎംസി ഹാളിൽ നടക്കും.ഏലപ്പാറ ഗ്രാമപ്പഞ്ചായത്തും ഹരിതകേരളം ജില്ലാ മിഷനും ഡിടിപിസിയും സംയുക്തമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
വാഗമൺ ടൂറിസത്തെ സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള കർമ്മപരിപാടികൾക്ക് അന്തിമരൂപം നൽകുന്നതിനായി നടത്തുന്ന ശിൽപ്പശാല ഇ എസ് ബിജിമോൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആർ രജേന്ദ്രൻ അദ്ധ്യക്ഷനാകും.ഹരിതകേരളം കൺസൾട്ടന്റ് എൻ ജഗജീവൻ ആമുഖാവതരണം നടത്തും.വാഗമൺ ദ ഗോഡ്‌സ് ഓൺ ഹിൽസ്' എന്ന തലവാചകത്തോടെയാണ് ക്ലീൻ വാഗമൺ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി എസ് മധു അറിയിച്ചു.
വാഗമൺ ടൂറിസം മേഖലയെ ഹരിതമായി നിലനിർത്തി സംരക്ഷിക്കുന്നതിനായി കഴിഞ്ഞ 30ന് ടൂറിസം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഏലപ്പാറ, പീരുമേട് ,കൂട്ടിക്കൽ, തീക്കോയി, അറക്കുളം പഞ്ചായത്ത് ഭാരവാഹികളുടെയും ഹരിതകേരളം ഉൾപ്പടെയുള്ള വിവിധ ഉദ്യോഗസ്ഥരുടെയും യോഗം ക്ലീൻ വാഗമൺ പദ്ധതിയുടെ കരട് പ്രോജക്ടിന് രൂപം നൽകിയിരുന്നു. കൂടുതൽ ആശയങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി ആ പ്രോജക്ടിനെ സമ്പൂർണ്ണമാക്കുന്നതിനാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് ഭാരവാഹികൾ മുതൽ ജില്ലാ പഞ്ചായത്ത് വരെയുള്ള ജനപ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ,രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവർത്തകർ,വ്യാപാരി, വ്യവസായികൾ,ടാക്‌സി ഡ്രൈവർമാർ തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുക്കും.