മറയൂർ: കേരളത്തിലെ ഏക വനിത ശിക്കാരിയായ കുട്ടിയമ്മ (87) നിര്യാതയായി. മറയൂർ വട്ടവയലിൽ തോമസിന്റെയും ത്രേസ്യാമ്മയുടെയും മകളാണ് കുട്ടിയമ്മ എന്ന ത്രേസ്യാമ്മ. 1948 ൽ പാലാ എഴമറ്റത്ത് നിന്നും മറയൂരിലേക്ക് കുടിയേറിയവരാണ് കുട്ടിയമ്മയുടെ കുടുംബം. ഡൽഹി റെയ്ച്ചൂരിൽ കന്യാസ്ത്രീയായിരുന്ന കുട്ടിയമ്മ സന്യാസിനി പട്ടം ഉപേക്ഷിച്ച് മടങ്ങിയെത്തി മറയൂർ സ്വദേശി ജോസഫിനെ വിവാഹം കഴിച്ചു. കേരള തമിഴ്‌നാട് അതിർത്തിയിൽ വനത്തിനുള്ളിലെ തമിഴ്‌നാട് ഗ്രാമമായ മഞ്ഞപ്പെട്ടിയിൽ താമസമാക്കിയപ്പോൾ മുതലാണ് കുട്ടിയമ്മ ശിക്കാരി ജീവിതം ആരംഭിച്ചത്. മൃഗവേട്ട നിയമപരമായി അധികം പ്രശ്‌നമല്ലാതിരുന്ന കാലഘട്ടത്തിൽ കുട്ടിയമ്മയുടെ സഹോദരങ്ങൾ അന്ന് അഞ്ചു നാട്ടിൽ അറിയപ്പെടുന്ന വേട്ടക്കാരായിരുന്നു. 1963ൽ മഞ്ഞപ്പെട്ടിയിൽ നിന്നും കേരളാതിർത്തിയിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കൊടുംവനത്തിൽ ചുരുളിപ്പെട്ടി എന്ന സ്ഥലത്ത് കാടുവെട്ടിതെളിച്ച് താമസമാക്കിയത് മുതൽ മൃഗവേട്ട യിൽ സജീവമായി. ഭർത്താവ് ജോസഫ് മികച്ച വേട്ടക്കാരനായിരുന്നതിനാൽ കുട്ടിയമ്മക്ക് വേട്ടയുടെ ബാലപാഠങ്ങൾ കുടുംബത്തിൽ നിന്നു തന്നെ ലഭിച്ചിരുന്നു.ഇവിടെയുള്ള കൃഷിയിടത്തിൽ ഇറങ്ങുന്ന മാൻ, മ്‌ളാവ്, കാട്ടുപന്നി തുടങ്ങിയ ചെറു മൃഗങ്ങളായിരുന്നു തുടക്കത്തിൽ കുട്ടിയമ്മയും ഭർത്താവ് ജോസഫും വേട്ടയാടിയത്.കൃഷിയിടത്തിലുള്ള വലിയ പുളിമരത്തിൽ ഏറു മാടം കെട്ടി തോക്കുപയോഗിച്ച് വേട്ടയാടുകയായിരുന്നു പതിവ്. പിന്നീടത് കാട്ടിലിറങ്ങി കാട്ടുപോത്തുകളെയും പുലികളെയും വേട്ടയാടുന്ന നിലയിലേക്ക് മാറി. 1970 കളിൽ വനം വന്യജീവി നിയമം കർശനമായതോടു കൂടിയാണ് കുട്ടിയമ്മ ശിക്കാരി ജീവിതം അവസാനിപ്പിച്ചത്.1995 ൽ പ്രോജക്ട് എലിഫന്റ് പ്രോജക്ടിനായി ചുരുളിപ്പെട്ടിയിലുള്ള സ്ഥലംവിൽപ്പന നടത്തി കുട്ടിയമ്മയും കുടുംബവും കാടിറങ്ങി കാഞ്ഞിരപ്പള്ളി ആനക്കല്ലിലും തുടർന്ന് കപ്പാടും സ്ഥലം വാങ്ങി താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് കുട്ടിയമ്മ നിര്യാതയായത്.. മക്കൾ. ബാബു, പരേതനായ മൈക്കിൾ. മരുമകൾ ഷേർളി ബാബു. സഹോദരങ്ങൾ: ഔസേപ്പച്ചൻ, തോമസ്, പൊന്നമ്മ, വക്കച്ചൻ, കുട്ടിയച്ചൻ, പാപ്പച്ചൻ, ടോമി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ്. ആന്റണീസ് ദേവാലയത്തിൽ.