pj-joseph

ഇടുക്കി: കേരള കോൺഗ്രസ് (എം) ചെയർമാനായി തിരഞ്ഞെടുത്തത് സ്റ്റേ ചെയ്ത ഇടുക്കി മുൻസിഫ് കോടതി ഉത്തരവിനെതിരെ ജോസ് കെ. മാണിക്കു വേണ്ടി നൽകിയ അപ്പീൽ കട്ടപ്പന സബ് കോടതി ഫയലിൽ സ്വീകരിച്ചു. കോട്ടയത്ത് ചേർന്ന യോഗത്തിൽ ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം നൽകിയ ഹർജിയിലായിരുന്നു സ്റ്റേ. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണിക്കു വേണ്ടി അഡ്വ. ജോണി പുളിക്കനും സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഐ. ആന്റണിക്കു വേണ്ടി അഡ്വ. സിബി സ്‌കറിയയും നൽകിയ അപ്പീലുകളാണ് കോടതി ഫയലിൽ സ്വീകരിച്ചത്. എതിർ കക്ഷികൾ ഹാജരാകുന്നതിന് നോട്ടീസ് നൽകുകയും വാദം കേൾക്കുകയും ചെയ്യും.

അതേസമയം കോട്ടയം മുനി​സിഫ് കോടതിയിൽ ജോസ് വിഭാഗം നൽകിയ ഹർജിയിൽ, ഇന്ന് ജോസഫ് വിഭാഗം ചേരാനിരുന്ന ഉന്നതാധികാര യോഗം സ്റ്റേ ചെയ്തിരുന്നു. എന്നാൽ യോഗം ചേർന്ന് അജൻഡയിൽ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മാത്രമാണ് നിരോധനമെന്ന് ജോസഫ് വിഭാഗം പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി യോഗം 23ന് ചേരും.