തൊടുപുഴ: പ്രളയബാധിതർക്കായി 'ഒരു' മുട്ട സമ്മാനവുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ വിദ്യാർത്ഥികൾ. മുൻ വർഷങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ മുട്ടക്കോഴിയുടെ മുട്ടകൾ കുട്ടികളിൽ നിന്നും ശേഖരിച്ചാണ് പ്രളയബാധിതതരെ സഹായിക്കാനായി കുട്ടികൾ മുന്നോട്ടിറങ്ങിയത്. 1760 നാടൻ മുട്ടകളാണ് കുട്ടികളിൽ നിന്ന് ശേഖരിച്ചത്. മുട്ടകൾ നൽകാൻ കഴിയാത്ത കുട്ടികൾ 10 കോഴി മുട്ടയുടെ വില നൽകിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ 'മുട്ട ഫെസ്റ്റ് ' നടത്തിയും, മുട്ട ബിരിയാണി വച്ചു കൊടുത്തും കുട്ടികൾക്ക് ലഭിച്ച മുട്ടകൾ ആഘോഷമാക്കിയെങ്കിൽ ഈ വർഷം 'വിദ്യാർത്ഥികളുടെ കരുതൽ സാമൂഹ്യസേവനത്തിന് ' എന്ന ലക്ഷ്യത്തോടെയാണ് ദുരിതബാധിതരെ സഹായിക്കാൻ കുട്ടികൾ തീരുമാനിച്ചത്. നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി കുട്ടികൾ ശേഖരിച്ച ദുരിതാശ്വാസ ഫണ്ട് ഏറ്റു വാങ്ങി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ജിയോ തടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കോഴിമുട്ടകൾ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. വീണ മരിയ അബ്രാഹം, ഡോ.ജിജിമോൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. ജില്ലാ യുവജനഫോറം മുനിസിപ്പൽ കോർഡിനേറ്റർ ഷിജി ജെയിംസ് , എ.ഇ.ഒ എ അപ്പുണ്ണി , വാർഡ് കൗൺസിലർ സുമാമോൾ സ്റ്റീഫൻ, അരുണിമ ധനേഷ് എം.പി.ടി.എ പ്രസിഡന്റ് ജിസ്സി സാജൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജെയ്‌സൺ ജോർജ്ജ്, അദ്ധ്യാപകരായ ഷിന്റോ ജോർജ്ജ്, ബീനാമോൾ ജോസഫ്, അനീഷ് ജോർജ്ജ്, മിനിമോൾ ആർ, മിനി ജേക്കബ്, ബിന്ദു ഒലിയപ്പുറം, സുഹറ വി.ഐ , സി.എൽ ദിവ്യ, അഞ്ജു ആൻ ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.