തൊടുപുഴ: 'മത്തി, പിരിയാൻ, ഏരി... മത്തിയ്ക്ക് രണ്ട് കിലോ വെറും അമ്പത് രൂപ, പിരിയാൻ രണ്ട് കിലോ 100 രൂപ, ഏരി കിലോ 100 രൂപ... നല്ല പെടയ്ക്കണ മീനാ, രണ്ട് കിലോ എടുക്കട്ടേ ചേട്ടാ..." കച്ചവടക്കാരന്റെ നീട്ടിയുള്ള വിളി ആരെയും ആകർഷിക്കും. മറ്റ് കടകളിൽ 150 മുതൽ 200 വരെ വിലയുള്ള മത്തി രണ്ട് കിലോ 50 രൂപയ്ക്ക് കിട്ടുമെന്നറിഞ്ഞാൽ ആരാണ് വാങ്ങാത്തത്. പക്ഷേ, മീൻ നോക്കാതെ വില മാത്രം നോക്കി വാങ്ങിയാൽ എട്ടിന്റെ പണികിട്ടും. വീട്ടിലെത്തി നോക്കുമ്പോഴാകും മനസിലാകും,​ 'പെടയ്ക്കണ" മീൻ നല്ലൊന്നാന്തരം ചീഞ്ഞളിഞ്ഞതാണെന്ന്. വാഴയുടെയോ തെങ്ങിന്റെയോ മൂട്ടിൽ വളമായിടാൻ കൊള്ളാം,​ അല്ലാതെ കറിയാക്കാൻ നിന്നാൽ ആള് എപ്പോൾ വീണെന്ന് ചോദിച്ചാൽമതി. മുതലക്കോടത്തിനടുത്ത് മാവിൻചുവട്ടിൽ നിന്ന് ഇന്നലെ രാവിലെ ഇത്തരത്തിലുള്ള 95 കിലോ ചീഞ്ഞ മീനാണ് പിടികൂടിയത്. ചീഞ്ഞ മത്തിയും പിരിയാനുമായിരുന്നു ഇവിടെ വിറ്റിരുന്നത്. മങ്ങാട്ടുകവലയിൽ നിന്ന് മാവിൻചുവട്ടിലേക്ക് വരുന്ന വഴി റോ‌‌ഡരികിലിരുന്നായിരുന്നു കച്ചവടം. മത്തി രണ്ട് കിലോ അമ്പതിനും പിരിയാൻ കിലോ നൂറിനുമായിരുന്നു വിറ്റിരുന്നത്. ചീഞ്ഞ മീൻ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലാരോ നഗരസഭയുടെ ആരോഗ്യവിഭാഗത്തെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് ഒറ്റനോട്ടത്തിൽ തന്നെ മീൻ പരുവക്കേടായതാണെന്ന് മനസിലായി. തുടർന്ന് ഇവ‌ർ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിച്ചു. ഫുഡ്‌സേഫ്‌റ്റി ഓഫീസർ ഷംസിയ പരിശോധിച്ച ശേഷം ചീഞ്ഞ മീൻ കുഴിച്ചുമൂടി. കച്ചവടം നിറുത്താൻ ആവശ്യപ്പെട്ട ശേഷം നോട്ടീസ് നൽകി. കഴിഞ്ഞ മാസവും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഈ ഭാഗത്ത് നിന്ന് ചീഞ്ഞ മീൻ പിടികൂടിയിരുന്നു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ്, സുനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോയ്‌സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനകൾ എന്ത് പ്രഹസനമാണ് സജീ...

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയു നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലുള്ള മീൻകടകളിലെ പരിശോധനകൾ വെറും പ്രഹസനമാകുന്നു. ഒരു മാസം മുമ്പ് ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇതേ ഭാഗത്ത് നിന്ന് പഴകിയ മത്സ്യം പിടികൂടിയതാണ്. അന്നും ഇന്നലത്തെ പോലെ തന്നെ നോട്ടീസ് കൊടുത്തിരുന്നു. ഒരു രൂപ പോലും പിഴ ഇടാക്കുകയോ കട അടപ്പിക്കാനോ നടപടിയെടുത്തില്ല. വഴിയോര കച്ചവടക്കാർക്കെതിരെ ഇതിൽ കൂടുതൽ നടപടിയെടുക്കാനാകില്ലെന്നാണ് ന്യായം. ഫലമോ,​ ചീഞ്ഞ മീൻ വിൽപ്പന നിർബാധം തുടരുന്നു. ഇന്നലെ പിടികൂടിയ കച്ചവടക്കാരൻ അവിടെ തന്നെ നാളെയും ചീഞ്ഞ മീൻ വിൽപ്പന ആരംഭിച്ചാലും ഒന്നും ചെയ്യാനാകില്ല.

ചീ‍ഞ്ഞ മീനിന്റെ ഉടമയാര്

ഇന്നലെ തന്നെ വഴിയോരത്ത് ചീഞ്ഞ മീൻ വിൽക്കുന്ന കടയുടെ യഥാർത്ഥ ഉടമ ആരാണെന്ന് പോലും പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് അറിയില്ല. മീൻ വിറ്റിരുന്ന സിറാജെന്നയാളുടെ പേരിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഉടമ അഷ്‌റഫ് എന്നൊരാളാണെന്ന് മാത്രം അറിയാം. കടയ്ക്ക് പേരോ നഗരസഭയുടെ ലൈസൻസോ ഒന്നുമില്ലാതെയാണ് ചീഞ്ഞ മീൻ വിൽപ്പന. യഥാർത്ഥ ഉടമ ഇതുപോലുള്ള ചീഞ്ഞ മീനുകൾ മറ്റെവിടെയെങ്കിലും വിൽപ്പന നടത്തുന്നുണ്ടോയെന്നും ഉദ്യോഗസ്ഥർക്ക് അറിയില്ല.

പരിശോധനാ കിറ്റുമില്ല

മത്സ്യത്തിൽ ഫോർമാലിനടക്കമുള്ള രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്ന് മിനിട്ടുകൾക്കകം അറിയുന്ന സ്ട്രിപ്പ് ഇപ്പോൾ ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കൈയിൽ ഇല്ല. അതുകാരണം ഇന്നലെ പിടികൂടിയ ചീഞ്ഞ മീനിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെയെന്ന് കണ്ടെത്താനായില്ല. കമ്മിഷണറേറ്റിൽ നിന്ന് സ്ട്രിപ്പ് ഇപ്പോൾ നൽകുന്നില്ലെന്നാണ് ഉദ്യോഗസ്ഥ‌ർ പറയുന്നത്. നേരിട്ട് ഓപ്പൺ മാർക്കറ്റുകളിൽ നിന്ന് വാങ്ങാൻ നിർദേശം നൽകിയിരുന്നെങ്കിലും ജില്ലയിൽ ഇതുവരെ വാങ്ങിയിട്ടില്ല. കുറഞ്ഞ ചെലവിൽ മീനിലെ രാസവസ്തുക്കൾ കണ്ടെത്താൻ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) തയ്യാറാക്കിയ 'സിഫ്‌റ്റ് സ്ട്രിപ്പ്' ഒരെണ്ണത്തിന് അഞ്ചുരൂപയിൽ താഴെ മാത്രമാണ് വില.