കട്ടപ്പന: പേഴുംകവലയിൽ വ്യാപാരശാലയ്ക്ക് സമീപം ദുരൂഹ സാഹചര്യത്തിൽ നാൽപ്പത്തിനാലുകാരൻ മരി ച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പേഴുംകവല കല്ലടയിൽ അനിൽ ,ചേറ്റു തടത്തിൽ സി.ആർ.തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായത്. കുറുമണ്ണിൽ വിനോദിനെ(44) കഴിഞ്ഞ മാസം 20നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുമ്പ് ശാരീരിക അസ്വസ്ഥത മൂലം ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ജൂലായ് 19ന് വൈകിട്ട് പ്രതികൾ ഉൾപെടെയുള്ളവരോട് വിനോദ് മദ്യം ആവശ്യപ്പെട്ടു. ഇതു നിരസിച്ചതിനെ തുടർന്ന് മടങ്ങിയ വിനോദ് മദ്യപിച്ചശേഷം വീണ്ടും രാത്രിയിൽ ഇവരുടെ അടുത്തെത്തി വീണ്ടും മദ്യം ചോദിച്ചു. നൽകാതെ വന്നതോടെ ഇതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായപ്പോൾ വിനോദിനെ അനിൽ മർദ്ദിച്ചു. മദ്യലഹരിക്കൊപ്പം മർദനം കൂടി ഏറ്റതോടെ അവശനായ വിനോദിന്റെ മൂക്കിൽ നിന്ന് രക്തം വന്നത് വെള്ളം ഒഴിച്ചു കഴുകി. തുടർന്ന് കടത്തിണ്ണയിൽ ഇരുത്തിയശേഷം പ്രതികൾ വീടുകളിലേക്കു മടങ്ങി. അതിനിടെ കടയുടെ ഫ്യൂസ് തങ്കച്ചൻ ഊരിമാറ്റി. ഇരുട്ടായതോടെ ഇവിടെ വിനോദ് അവശനിലയിൽ ഇരിക്കുന്ന വിവരം വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിറ്റേന്ന് രാവിലെ വീട്ടുകാർ തിരയുന്നതിനിടെയാണ് വിനോദിനെ മരിച്ച നിലയിൽ കടത്തിണ്ണയിൽ കണ്ടെത്തിയത്. ഹൃദയത്തിൽ നിന്നുള്ള പ്രധാന രക്തധമനി പൊട്ടിയതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. അവശ നിലയിലായിട്ടും വിനോദിനെ ആശുപത്രിയിൽ എത്തിക്കാനോ ബന്ധുക്കളെ വിവരം അറിയിക്കാനോ ശ്രമിക്കാതെ പ്രതികൾ മടങ്ങിയതും മരണ കാരണമായെന്നാണ്പൊലീസിന്റെ കണ്ടെത്തൽ. സി.ഐ: വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.