കട്ടപ്പന..കട്ടപ്പന എസ്.ഐയെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചതിനും മർദിച്ചതിനും ഒരാൾ അറസ്റ്റിൽ . പള്ളിവാസൽ തോക്കുപാറ പുതുവ വീട്ടിൽ സണ്ണി തോമസ് അറസ്റ്റിലായത് തിങ്കളാഴ്ച രാത്രിയിലാണു സംഭവം .പിണങ്ങി കഴിയുന്ന ഭാര്യയുടെ അടുത്തു നിന്ന് 3 പെൺമക്കളെ ബലമായി കൂട്ടിക്കൊണ്ടു പോകുന്നതിനിടെയിലാണു സംഭവം..

സണ്ണിയുടെ ഭാര്യ ഇയാളുമായി പിണങ്ങി ഉപ്പുതറ പശുപ്പാറയിലെ സ്വന്തം വീട്ടിലാണ് കഴിയുന്നത്. ഒൻപത്, എട്ട്, അഞ്ച് വയസുള്ള മൂന്നു പെൺമക്കളും ഇവർക്കൊപ്പമായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ വാഹനവുമായി ഇവിടെ എത്തിയ സണ്ണി കുട്ടികളെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. ഇതോടെ ഭാര്യ പൊലീസിന്റെ ടോൾ ഫ്രീ നമ്പരിൽ വിളിച്ച് സഹായം അഭ്യർഥിച്ചു. ഉപ്പുതറ സ്‌റ്റേഷനിലേക്കു വിവരം ലഭിച്ചപ്പോൾ വാഹനം അവിടം കടന്നുപോയതോടെ കട്ടപ്പനയിൽ അറിയിച്ചു. എസ്.ഐ: സന്തോഷ് സജീവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കാഞ്ചിയാറിൽ എത്തിയപ്പോൾ സണ്ണിയുടെ വാഹനം കടന്ന് വന്നു. വണ്ടി നിർത്താൻ കൈകാണിച്ച എസ്.ഐയെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചു. കഷ്ടിച്ചുരക്ഷപ്പെട്ട എസ്.ഐയും സംഘവും വാഹനത്തെ ഈട്ടിത്തോപ്പുവരെ പിന്തുടർന്നു. അവിടെ എത്തിയപ്പോൾ സണ്ണിയുടെ വാഹനം പോസ്റ്റിൽ ഇടിച്ചു നിന്നു. പിടികൂടാൻ ശ്രമിക്കുന്നതിടെ എസ്.ഐയെയും സിപിഒ സതീശനെയുംസണ്ണി മർദ്ദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്ക3ിലും പൊലീസ് പിടികൂടുകയായിരുന്നു. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ വെള്ളത്തൂവൽ പൊലീസ് ഗുണ്ടാ ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും കട്ടപ്പന പൊലീസ് കേസ്സെടുത്തു. കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടു പോയതിന് ഉപ്പുതറ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.