ഇടുക്കി: കേന്ദ്ര ഭൗമ ശാസ്ത വിദഗ്ധർ അടുത്ത ദിവസം ജില്ലയിലെത്തും. തവളപ്പാറ മേഖല സന്ദർശിച്ച ശേഷം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്യാമ്പ് നിവാസികളെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ജില്ലാ കളക്ടർ. കട്ടപ്പന ടൗൺഹാൾ ക്യാമ്പ് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമാണ് ജില്ലാ കളക്ടർ എച്ച്.ദിനേശനും ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫും ഇക്കാര്യം അറിയിച്ചത്. മഴക്കെടുതിയിൽപ്പെട്ട് ഭീതിയിലായ കുടുംബങ്ങൾക്ക് ആശ്വാസമായി കട്ടപ്പന ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ഇപ്പോൾ 12 കുടുംബങ്ങളിൽ നിന്നായി 33 പേർ സുരക്ഷിതരായി കഴിയുന്നു. 2013ലും പിന്നീട് ഈ വർഷവും ഉരുൾപൊട്ടലുണ്ടായ തവളപ്പാറ മേഖലയിലുള്ളവരാണ് ക്യാമ്പിൽ കഴിയുന്നത്. ക്യാമ്പ് അംഗങ്ങൾക്കായി എല്ലാ സൗകര്യവും ടൗൺ ഹാളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് സ്‌കൂളിൽ പോകുന്നതിനും സൗകര്യമുണ്ട്. കട്ടപ്പന വില്ലേജ് ഓഫീസർ ജയ്‌സൻ ജോർജിന്റെ നേതൃത്വത്തിൽ റവന്യൂ ജീവനക്കാർ അംഗങ്ങൾക്ക് സഹായവുമായി രാവും പകലും പ്രവർത്തിക്കുന്നു .
ക്യാമ്പിലെ അംഗങ്ങൾക്കായി ഭക്ഷണം തയാറാക്കുന്നതിന് പ്രത്യേക പാചകക്കാരനെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഇടവിട്ട് ദിവസങ്ങളിൽ വൈദ്യ പരിശോധനയും ഏർപ്പാടാക്കിയിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ ജയ്‌സൻ ജോർജ് പറഞ്ഞു.