നെടുംകണ്ടം: തൂവൽ അരുവി വെള്ളച്ചാട്ടം സജീവമായതോടെ ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വർദ്ധിച്ചു. എന്നാൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചിരിക്കുന്ന ഗാലറി അപകടക്കെണിയാവുകയാണ്. വഴുവഴുപ്പുള്ള പാറയിലൂടെ ഏതാനും അടി നടന്നു വേണം ഗാലറിയിൽ പ്രവേശിക്കാൻ എന്നിരിക്കെ കാൽ വഴുതിയാൽ അരുവിയിലൂടെ വെള്ളച്ചാട്ടത്തിൽ പതിക്കുവാനുള സാദ്ധ്യത ഏറെയാണ്.അപകട സാദ്ധ്യതയുള്ള ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കാത്തത് ഗാലറി നിർമ്മാണത്തിലെ ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. 5 ലക്ഷം രൂപ വകയിരുത്തി നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഗാലറിയുടെ ഒരു ഭാഗം ഇത്തവണ കാലവർഷത്തിൽ തകർന്നു.അപകട മുന്നറിയിപ്പ് ബോർഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. അപൂർണ്ണവും അശാസ്ത്രീയവുമായി നിർമ്മിച്ച ഗാലറിയിൽ പതിയിരിക്കുന്ന അപകടക്കെണിയറിയാതെയാണ് സഞ്ചാരികൾ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിക്കുവാനെത്തുന്നത്. തൂവൽ ജംഗ്ഷൻ അരുവിറോഡ്, കല്ലാർമുക്ക് തൂവൽ അരുവി റോഡ് എന്നീ പാതകൾ ഗതാഗതയോഗ്യമാക്കി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.