boating
ആനയിറങ്കൽ ജലാശത്തിൽ ബോട്ടിംഗ് പുനരാരംഭിച്ചപ്പോൾ.

രാജാക്കാട് : ആനയിറങ്കൽ ജലാശയത്തിലെ ഓളപ്പരപ്പിനൊപ്പം മലയോരത്തെ വിനോദ സഞ്ചാര മേഖലയ്ക്കും വീണ്ടും ഉണർവ്വ് കൈവരുന്നു. ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിർത്തിവച്ചിരുന്ന തടാകത്തിലെ ബോട്ടിംഗ് ഇന്നലെ പുനരാരംഭിച്ചു. വൈദ്യുതോൽപ്പാദനത്തിനായി വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് ജലനിരപ്പ് തീർത്തും താഴ്ന്നതായിരുന്നു ബോട്ടിംഗ് നിർത്തിവയ്ക്കുവാൻ കാരണം. മഴ ലഭിച്ചതിനെ തുടർന്ന് ഡാമിൽ വെള്ളം നിറഞ്ഞെങ്കിലും, ജില്ലാ ഭരണകൂടം ടൂറിസ്റ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നതിനാലാണ് ബോട്ടിംഗ് പുനരാരംഭിരംഭിക്കാൻ വൈകിയത്.

കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയോട് ചേർന്ന് ഹരിതാഭമായ മൊട്ടക്കുന്നുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആനയിറങ്കൽ അണക്കെട്ടിന്റെയും ജലാശയത്തിന്റെയും വിനോദ സഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കെ. എസ്. ഇ. ബി യുടെ ഹൈഡൽ ടൂറിസം വിഭാഗം ആണ് "എലിഫന്റ് അബോഡ് ബോട്ടിംഗ് സെന്റർ" എന്ന പേരിൽ വിനോദ സഞ്ചാരകേന്ദ്രം ആരഭിച്ചത്.

സഞ്ചാരികൾക്ക് ഷോപ്പിങ്ങിനുള്ള കടകൾ, കഫറ്റീരിയ, ശൗചാലയങ്ങൾ, വാഹന പാർക്കിങ്ങ്, മനോഹരമായ ഉദ്യാനം എന്നിവയ്ക്കു പുറമെ ജലവിനോദങ്ങൾക്കായി 2 സ്പീഡ് ബോട്ടുകൾ, 20 പേർക്ക് കയറാവുന്ന പൊൻറ്റൂൺ ബോട്ട്, 4 കുട്ട വഞ്ചികൾ, 2 കയാക്കുകൾ, 6 പേർക്ക് വീതം കയറാവുന്ന 2 ബാംബൂ റാഫ്റ്റുകൾ, 5 പെഡൽ ബോട്ടുകൾ എന്നിവയാണ് ഇവിടെയുള്ളത്. പ്രവർത്തനം ആരംഭിച്ചതുമുതൽ സന്ദർശകർക്കിടയിൽ വൻ സ്വീകാര്യതയാണു കേന്ദ്രത്തിനു ലഭിച്ചത്. പ്രമുഖ ടൂറിസം സെന്ററുകളുടെയും ദേശീയ പാതയുടെയും സാമിപ്യം മൂലം ആഭ്യന്തര വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഇവിടം മാറി. എന്നാൽ മുഖ്യ ആകർഷണമായ ബോട്ടിംഗ് നിലച്ചത് സന്ദർശകരെ നിരാശരാക്കിയിരുന്നു. വരും ദിവസങ്ങളിൽ ഇവിടം പഴയപടി സജീവമാകും.