ചെറുതോണി: ലോക ക്രിക്കറ്റിന്റെ നെറുകയിലേക്കുയർന്ന ഇന്ത്യയുടെ അഭിമാന താരം അനീഷ് പി. രാജന് ഇന്ന് ജന്മ നാട് ആദരവേകും. ഉച്ചയ്ക്ക് 2 ന് ബഹുജന റാലിയോടെയാണ് വരവേൽപ്പ് ഒരുക്കുന്നത്. അനീഷ് രാജൻ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ച വഞ്ചിക്കവല ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നാണ് ബഹുജന റാലി ആരംഭിക്കുന്നത്. കോളജ്, സ്‌കൂൾ, പോളിടെക്നിക്, എൻസിസി, സ്‌കൗട്ട്, എസ്പിസി വിദ്യാർത്ഥികൾ റാലിയിൽ അണിചേരും. ബഹുജന റാലി ചെറുതോണിയിലെത്തിച്ചേരുമ്പോൾ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പൊതുസമ്മേളനം ആരംഭിക്കും. നാടിന്റെ ഉപഹാരം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ കൈമാറും. ജനപ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ, രാഷ്ട്രീയസാമൂഹിക സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.