ഇടുക്കി: വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി തസ്തിക സൃഷ്ടിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ പ്രൊപ്പോസൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അംഗീകരിച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ആവശ്യാനുസരണം നിയോഗിക്കണം. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. നിലവിലുള്ള ഡോക്ടർമാരുടെ സേവനം എല്ലായ്‌പ്പോഴും ഉറപ്പാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. പട്ടിക വിഭാഗക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ഏക ആശ്രയമാണ് വണ്ടിപെരിയാർ ആശുപത്രി. ഡോക്ടർമാർ ഇല്ലാത്തതിനാൽ 2018 ജൂൺ 23ന് രാത്രിയിൽ ആശുപത്രിയിലെത്തിയ രോഗി ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. മുസ്ലീം യൂത്ത്‌ലീഗ് പ്രസിഡന്റ് പി.എ. ഹസീബും സജി പി. വർഗീസും നൽകിയ പരാതികളിലാണ് നടപടി. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. ഐപി വിഭാഗം 24 മണിക്കൂർ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കോൾ ഡ്യൂട്ടി സംവിധാനത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. രണ്ട് ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും ഒരു ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സിന്റെയും തസ്തികകളിൽ മാത്രമാണ് ഒഴിവുള്ളത്. അത്യാഹിത വിഭാഗം പ്രവർത്തിക്കാൻ ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ഡോക്ടർമാരുടെ തസ്തിക മാത്രമാണ് ആശുപത്രിയിലുള്ളത്. പുതുതായി തസ്തിക സൃഷ്ടിക്കാനുള്ള പ്രൊപോസൽ സർക്കാരിന്റെ പരിഗണനയിലാണ്.
എന്നാൽ ഐപി പ്രവർത്തനം ഉണ്ടെങ്കിലും രാത്രി ഒമ്പതിന് ശേഷം എത്തുന്ന രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭിക്കാറില്ലെന്ന് പരാതിക്കാർ അറിയിച്ചു. പരാതിക്കാർ ഹാജരാക്കിയ പത്ര കട്ടിങ്ങുകളിൽ നിന്നും പരാതികൾ ശരിയാണെന്ന് ബോധ്യപ്പെട്ടതായി കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ദിവസേനെ 600 പേർ ഒപിയിലെത്തുന്ന ആശുപത്രിയാണിത്. 100 മൈനർ ശസ്ത്രക്രിയകൾ ദിവസവും നടക്കുന്നുണ്ട്. മുന്നൂറിലധികം ലാബ് പരിശോധനകൾ ദിവസവും നടക്കുന്നുണ്ട്.