ഇടുക്കി : കനത്ത മഴയെത്തുടർന്ന് ജില്ലയുടെ ഭൗമസ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ സംബന്ധിച്ച പഠനവും പരിശോധനയും ഇന്നാരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള പരിശോധനയ്ക്ക് സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. 49 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്കുകളിലും രണ്ടുപേർ അടങ്ങുന്ന അഞ്ച് സംഘം ഇന്നുമുതൽ ഏഴുദിവസം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തും. കനത്തമഴയെത്തുടർന്ന് മണ്ണിടിച്ചിൽ, വിള്ളൽ തുടങ്ങി ഭൂമിക്കുണ്ടായ മാറ്റങ്ങൾ പരിശോധനയുടെ പരിധിയിൽ വരും. പ്രത്യേകിച്ചും അപകടാവസ്ഥയിലുള്ള സ്ഥലങ്ങളിലായിരിക്കും പഠനം നടത്തുക. ഇങ്ങനെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതി പരിശോധിച്ച് തുടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക. ഒരു ഭൗമശാസ്ത്ര വിദഗ്ധനും ഒരു മണ്ണ് പരിശോധനാ വിദഗ്ധനും അടങ്ങുന്നതാണ് ഒരു സംഘം. വി. ബി. വിനയൻ, എം. ജെ പ്രശാന്ത്(ദേവികുളം), എം എസ് രാജ്കുമാർ, എൻ. സുരേന്ദ്രൻ(പീരുമേട്), മെറിൻ മരിയ ജോയ്, മനു വി. തമ്പി(തൊടുപുഴ), സിമിലാ റാണി എസ്., അനുലക്ഷ്മി ശങ്കർ(ഇടുക്കി), അരുൺദാസ്, സിയൂസ് എം (ഉടുമ്പൻചോല) എന്നിവർ ഉൾപ്പെടുന്നതാണ് ഇടുക്കിയിലെ സംഘം. അതത് താലൂക്ക് ഓഫീസുകൾ കേന്ദ്രീകരിച്ചായിരിക്കും സംഘങ്ങൾ പ്രവർത്തിക്കുക.