maniyarankudi
മണിയറൻകുടിയിലെ ചെറുപ്പക്കാർ നിലമ്പൂരിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോൾ

ഇടുക്കി : ഇവർ മണിയാറൻകുടിയുടെ ഫ്രീക്കന്മാർ. പ്രളയക്കെടുതിയിൽ നട്ടംതിരിഞ്ഞ നിലമ്പൂരിൽ കയ്യും മെയ്യും മറന്ന് നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളിൽ മറ്റുള്ളവർക്കൊപ്പം പങ്കാളികളാണ് ഈ ചെറുപ്പക്കാർ. തങ്ങളുടെ ജോലിയും പഠിപ്പുമൊക്കെ ഉപേക്ഷിച്ചു നാടിനു നിസ്വാർത്ഥ സേവനത്തിനായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. മണിയാറൻകുടിയിൽ നിന്നു തിങ്കളാഴ്ചയാണ് 17 അംഗ ചെറുപ്പക്കാരുടെ സംഘം തിരിച്ചത്. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരാണ് ഇവർ. വയറിംഗ്, പ്ലംബിംഗ്, അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ, അത്യാവശ്യം വേണ്ട തടിപ്പണികൾ, തുടങ്ങിയ വിവിധ ജോലികളിൽ വിദഗ്ധർ. കട്ടപ്പനയിൽ പഠിച്ച നിലമ്പൂർ നെല്ലംത്തണ്ണി സ്വദേശിയായ ഹഫ്സലാണ് നിലമ്പൂരിൽ ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നത്. രണ്ട് ലോഡ് ഭക്ഷണസാധനങ്ങളും വയറിംഗ് കിറ്റുകളും പമ്പ് സെറ്റും ജനറേറ്ററുമൊക്കെയായാണ് സംഘം നിലമ്പൂരിലെത്തിയത്. നിലമ്പൂർ, മുണ്ടേരി, കരുളായി, പോത്തുകൽ, പാതാർ, കവളപ്പാറ എന്നീ സ്ഥലങ്ങളിലാണ് ഇവരുടെ സേവനം. വീടുകളും കിണറുകളുമൊക്കെ ഇവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി നൽകുന്നുണ്ട്. അതോടൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഇവർ ഭക്ഷണവും എത്തിക്കുന്നു.