തൊടുപുഴ: നഗരത്തിലെ സാധാരണക്കാരായ ആളുകൾ സ്വന്തമായി വീട് നിർമ്മിക്കാൻ നഗരസഭ ഓഫീസിൽ അപേക്ഷ സമർപ്പിച്ചാൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പെർമിറ്റ് നിധേധിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് ബി ജെ പി കൗൺസിലർമാർ നഗരസഭ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പിഎംഎവൈ പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയവർക്കാണ് സാങ്കേതിക കാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥർ പെർമിറ്റ് നിഷേധിക്കുന്നത്. ബിജെപി അംഗം ബാബു പരമേശ്വരനാണ് പ്രശ്നം കൗൺസിലിൽ ഉന്നയിച്ചത്. പാറക്കടവ് ഭാഗത്ത് 28 പേർക്ക് വീടു വയ്ക്കാൻ സ്ഥലം നൽകിയെങ്കിലും ഇവിടെ നഗരസഭ അധികൃതർ വീടു നിർമാണത്തിന് പെർമിറ്റ് നൽകുന്നില്ലെന്ന് ബാബു പരമേശ്വരൻ പറഞ്ഞു. വീടു വയ്ക്കാൻ നൽകിയിരിക്കുന്ന സ്ഥലം പാറയായതിനാൽ ഇവിടെ ടോയ്ലറ്റ് നിർമാണം നടക്കില്ലെന്നാണ് നഗരസഭ എൻജിനിയറിംഗ് വിഭാഗം പറയുന്നത്. ഇവിടെ എല്ലാവർക്കുമായി വലിയ സെ്ര്രപിക് ടാങ്ക് നിർമിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ഇതിനു സമീപത്തായി ഇതേ രീതിയിൽ പാറയുള്ള സ്ഥലത്ത് പലർക്കു വീടു നിർമാണത്തിനു പെർമിറ്റ് നൽകിയതായി കൗൺസിലർ പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. നഗരത്തിൽ ഗാന്ധി സ്‌ക്വയർ ഉൾപ്പെടെ പല സ്ഥലത്തും വഴി വിളക്കുകൾ തെളിയുന്നില്ലെന്ന് കോൺഗ്രസ് അംഗം ടി.കെ.സുധാകരൻ നായർ ചൂണ്ടിക്കാട്ടി. പലയിടത്തും പകൽ സമയം ലൈറ്റു തെളിയുമ്പോൾ രാത്രി കത്താറില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ഇബിയ്ക്കു കത്തു നൽകാൻ കൗൺസിൽ തീരുമാനിച്ചു.ഉപയോഗ ശൂന്യമായ പൊതുടാപ്പുകൾ മൂലം നഗരസഭയ്ക്ക് നഷ്ടം സംഭവിക്കുന്നതിനാൽ ഇവ ഒഴിവാക്കുന്നതിനായി വാട്ടർ അഥോറിറ്റിയ്ക്കു കത്തു നൽകുന്നതിനും തീരുമാനമെടുത്തു. പിഎംഎവൈ പദ്ധതിയിൽ അംഗങ്ങളായ 1110 പേരിൽ പെർമിറ്റ് എടുക്കാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കാനും തീരുമാനിച്ചു. ഇതിൽ പെർമിറ്റ് എടുത്ത 788 പേർക്ക് വീടു നിർമാണത്തിനുള്ള അനുമതി നൽകും. നഗരസഭ ഓഫീസിൽ ആരോഗ്യ വിഭാഗത്തിൽ താൽക്കാലിക നിയമനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറെ നിയമിക്കുന്നതിന് 27ന് ഇന്റർവ്യു നടത്തും. താത്ക്കാലിക നിയമനം നേടിയ ചില ജീവനക്കാർ കഴിഞ്ഞ രണ്ടു വർഷമായി നഗരസഭ ഓഫീസിൽ ജോലി ചെയ്യുകയാണെന്ന് കൗൺസിലർമാർ പറഞ്ഞു. നഗരത്തിൽ ഓടയിലെ മാലിന്യം കോരി നീക്കുന്നതുമായി ബന്ധപ്പെട്ടും വിമർശനമുയർന്നു. കാഞ്ഞിരമറ്റം ഭാഗത്ത് ഓട വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് വനിത കൗൺസിലറോട് ചിലർ മോശമായി സംസാരിച്ചെന്ന് പരാതിയുയർന്നു. മർച്ചന്റ്അസോസിയേഷനും ലീഗൽ സർവീസസ് അഥോറിറ്റിയും ചേർന്നാണ് ജോലികൾ നടത്തുന്നതെന്നായിരുന്നു ആക്ഷേപം. എന്നാൽ നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം ജോലികൾ നടക്കുന്നതെന്ന് ചെയർപേഴ്സൺ ജെസി ആന്റണി വിശദീകരിച്ചു.