പീരുമേട്: ഇടുക്കി ജില്ലയിലെ പിന്നാക്കവിഭാഗത്തിന്റെ സ്വപ്നമായ പാമ്പനാർ എസ്.എൻ ആർട്സ് ആന്റ് സയൻസ് കോളേജ് തച്ചുതകർക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും അനുവദിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഒറ്റക്കെട്ടായി തീരുമാനം. പീരുമേട് യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തവരെല്ലാം കോളേജ് തകർക്കാനുള്ള നീക്കത്തെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗത്തിന് ജില്ലയിലുള്ള ഏക എയ്ഡഡ് കോളേജായ പാമ്പനാറിൽ നിരവധി വിദ്യാർത്ഥികളെ ഫീസ് പോലും വാങ്ങാതെ പഠിപ്പിക്കുന്നുണ്ട്. മറ്രേതെങ്കിലും സമുദായത്തിന്റെ കോളേജിൽ ഇതുണ്ടാകില്ല. അവിടെയൊന്നും ഇതുപോലെ സമരം നടത്താൻ ഒരു രാഷ്ട്രീയപാർട്ടിക്കും ധൈര്യവും കാണില്ല. കോളേജിനെ കണ്ണിലെ കൃഷ്ണമണിയെ പോലെ കാക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധിക്കണം. പാവപ്പെട്ട തോട്ടംതൊഴിലാളികൾ പഠിക്കുന്ന കോളേജിനെ ഇല്ലായ്മ ചെയ്യാൻ ഒരു സംഘം ശ്രമിക്കുമ്പോൾ രാഷ്ട്രീയപാർട്ടികൾ അതിന് പിന്തുണ നൽകുന്നത് വേദനാജനകമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് യോഗം കൗൺസിലറും എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം മെമ്പറുമായ എ.ജി. തങ്കപ്പൻ പറഞ്ഞു. പീരുമേട് യൂണിയൻ പ്രസിഡന്റും ആർ.ഡി.സി കൺവീനറുമായ സി.എ ഗോപീവൈദ്യർ അദ്ധ്യക്ഷനായിരുന്നു. കോളേജ് കൗൺസിലെടുത്ത തീരുമാനത്തിന് യോഗം ഐകകണ്ഠേന പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിൽ സംസാരിച്ച ശാഖാഭാരവാഹികളും പോഷകസംഘനകളുമെല്ലാം കോളേജ് തകർക്കാനുള്ള ആസൂത്രിതനീക്കത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. യോഗം കൗൺസിലർ കെ.ഡി. രമേശ്, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, വൈസ് പ്രസിഡന്റ് പി.കെ രാജൻ, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ,

സെക്രട്ടറി വിനോദ് ഉത്തമൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ സുരേഷ് വട്ടയ്ക്കൽ, എൻ.ജി. സലികുമാർ എന്നിവർ സംസാരിച്ചു.

കോളേജ് സംരക്ഷണ സമിതി രൂപീകരിച്ചു

എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പാമ്പനാർ എസ്.എൻ കോളേജ് സംരക്ഷണ സമിതി രൂപീകരിച്ചു. യോഗം കൗൺസിലർ കെ.ഡി. രമേശ് ചെയർമാനും പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു കൺവീനറുമാണ്. പീരുമേട് യൂണിയനിലെ എല്ലാ ശാഖാ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ജില്ലയിലെ എല്ലാ യൂണിയൻ ഭാരവാഹികളും സമിതിയിലുണ്ടാകും. കോളേജ് തകർക്കാനുള്ള നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് വരും ദിവസങ്ങളിൽ സമതി യോഗം ചേർന്ന് തീരുമാനിക്കും.

28ന് പ്രതിഷേധ പ്രകടനവും യോഗവും

പാമ്പനാർ എസ്.എൻ കോളേജ് തകർക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് 28ന് ജില്ലയിലെ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തും. ബുധനാഴ്ച രണ്ടിന് കോളേജ് ജംഗ്ഷനിൽ നിന്ന് പാമ്പനാർ ടൗണിലേക്ക് പ്രതിഷേധപ്രകടനം നടത്തും. തുർന്ന് വൈകിട്ട് നാലിന് പാമ്പനാർ ടൗണിൽ വിശദീകരണ യോഗവും നടത്തും.