പത്ത്പേർക്ക് പരിക്ക്

തൊടുപുഴ: വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരക്കെ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം. സംഘർഷത്തിൽ ഏഴ് കെ.എസ്.യു പ്രവർത്തകർക്കും മൂന്നു എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, യൂണിറ്റ്പ്രസിഡന്റ് ബിനീഷ് ബെന്നി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആശീഷ് മാത്യു, വിഷ്ണു കെ.ശശി എന്നിവർക്കാണ് പരിക്കേറ്റത്. എസ്.എഫ്.ഐ പ്രവർത്തകരായ പത്മകുമാർ, വിഷ്ണു, അനന്ദു എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകർ തൊടുപുഴയിലെ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് ന്യൂമാൻ കോളേജിന് മുന്നിലാണ് സംഭവം. ന്യൂമാൻ കോളേജ് തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിനാണ് യൂണിയൻ ലഭിച്ചത്. എസ്.എഫ്.ഐ പ്രവർത്തകരും കാമ്പസിന് മുന്നിൽ തമ്പടിച്ചിരുന്നു. കെ.എസ്.യു പ്രവർത്തകരുടെ ആഹ്ലാദപ്രകടനം കോളേജിന് പുറത്തേയ്ക്ക് വരുന്നതിനിടെ ഇവിടെയുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ സമീപത്തുകൂടെ കടന്നു പോകുന്നതിനിടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം മങ്ങാട്ടുക്കവല ജംഗ്ഷൻ വരെ നീണ്ടു. പരസ്പരം കൊടിതോരണങ്ങൾ നശിപ്പിച്ചു. ഏറെനേരത്തിന് ശേഷം ഇരുവിഭാഗത്തിന്റെയും നേതാക്കൾ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. എസ്.എഫ്.ഐ പ്രവർത്തകർക്ക് അക്രമം നടത്തുന്നതിന് പൊലീസ് ഒത്താശ ചെയ്‌തെന്നാരോപിച്ച് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ഗാന്ധിസ്‌ക്വയറിലെത്തി റോഡ് ഉപരോധിച്ചു. ഇവിടെ റോഡിന്റെ നാലു വശവും പ്രവർത്തകർ കുത്തിയിരുന്നു മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി. അപ്രതീക്ഷിതമായുണ്ടായ റോഡ് ഉപരോധത്തിൽ ജനങ്ങൾ വലഞ്ഞു.