തൊടുപുഴ: വെങ്ങല്ലൂർ കവലയിൽ സിഗ്നൽ ലൈറ്റ് വന്നാൽ അവിടെയുണ്ടാകുന്ന അപകടങ്ങൾക്കും ഗതാതത പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാകും എന്നാണ് ഏവരും കരുതിയിരുന്നത്.എന്നാൽ ഇവിടെ ഗതാഗത നിയന്ത്രണത്തിന് ലക്ഷങ്ങൾ മുടക്കി സിഗ്നൽ ലൈറ്റ് സ്ഥാപിച്ചെങ്കിലും ഇവിടെ പ്രശ്നങ്ങൾ തുടർക്കഥയാവുകയാണ്.കോലാനി - വെങ്ങല്ലൂർ ബൈപാസ് വന്നതോടെ തൊടുപുഴ നഗരം,പൈങ്ങോട്ടൂർ, മുവാറ്റുപുഴ,കോലാനി പ്രദേശങ്ങളിലേക്ക് വെങ്ങല്ലൂർ കവലയിൽ തിരിഞ്ഞ് പോകാം എന്ന സ്ഥിതി വന്നതോടെ വെങ്ങല്ലൂർ കവലയിലൂടെ നാല് ഭാഗത്തേക്കും കടന്ന് പോകുന്ന വാഹനങ്ങളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചു.എന്നാൽ വെങ്ങല്ലൂർ കവലയിൽ നിന്ന് തൊടുപുഴ നഗരത്തിലേക്കും മുവാറ്റുപുഴ,പൈങ്ങോട്ടൂർ ഭാഗത്തേക്കും പോകുന്ന ബസ്സൂകൾ നിർത്താൻ കൃത്യായ ബസ് സ്റ്റോപ്പ് ഇല്ലാത്തത് ഇവിടെയെത്തുന്ന യാത്രക്കാർക്ക് ദുരിതമാകുന്നു എന്ന് മാത്രമല്ല വൻ അപകടത്തിന് കാരണമാവുകയുമാണ്.ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ എത്തുന്ന യാത്രക്കാർ ബസ്സുകൾ എവിടെയാണ് നിർത്തുന്നത് എന്നറിയാതെ വെങ്ങല്ലൂർ ജംഗ്ഷനിലൂടെ തലങ്ങും വിലങ്ങും ഓടുന്ന സ്ഥിതിയാണുള്ളത്.തൊടുപുഴ നഗരത്തിൽ നിന്ന് മുഴാറ്റുപുഴ ഭാഗത്തേക്ക് വരുന്ന ബസ്സുകൾ വെങ്ങല്ലൂർ ജംഗ്ഷനിലെ ചുവന്ന ലൈറ്റ് തെളിഞ്ഞാൽ ജംഗ്ഷന് ഇപ്പുറത്ത് നിത്തി ആളെ കയറ്റും.ഈ സമയം മുവാറ്റുപുഴ റൂട്ടിൽ ജംഗ്ഷന് അപ്പുറം നിൽക്കുന്ന യാത്രക്കാർ ബസ്സിൽ കയറാൻ ഇപ്പുറത്തേക്ക് ഓടും.ചില സമയത്ത് തൊടുപുഴ നരത്തിൽ നിന്ന് മുഴാറ്റുപുഴ ഭാഗത്തേക്ക് വരുന്ന ബസ്സുകൾ ചുവന്ന സിഗ്നൽ ലൈറ്റ് പ്രകാശിക്കാത്തതിനാൽ ജംഗ്ഷന് അപ്പുറത്തായിട്ടാണ് നിർത്തുന്നത്.ഈ സാഹചര്യത്തിൽ ജംഗ്ഷന് ഇപ്പുറത്ത് നിൽക്കുന്ന യാത്രക്കാർ ബസ്സിൽ കയറാൻ ജംഗ്ഷന് അപ്പുറത്തേക്ക് പരക്കം പാഞ്ഞ് ഓടും.പൈങ്ങോട്ടൂർ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ ചിലയവസരങ്ങളിൽ സിഗ്നൽ ലൈറ്റ് കടന്ന് പുതിയ റോഡിലൂടെയാണ് നഗരത്തിലേക്ക് വരുന്നത്.പുതിയ റോഡിലൂടെ വരുന്ന ബസ്സുകൾ പുതിയ റോഡിൽ നിർത്തി ആളെ കയറ്റുന്നതിനാൽ തൊടുപുഴ ഭാഗത്തേക്ക് പോകാൻ പഴയ റോഡിൽ ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർക്ക് ബസ്സിൽ കയറാൻ കഴിയാത്ത സ്ഥിതിയാണുളളത്.ബസ്സുകൾ നിർത്തുന്നതിന് യാതൊരു നിയന്ത്രണവും ഇല്ലാത്തതിനാൽ ചില ബസ്സുകാരും യാത്രക്കാരും മിക്ക ദിവസങ്ങളിലും വാക്കേറ്റം നടക്കുന്നതും പതിവാണ്.ബസ്സുകൾ നിർത്തുന്നതിന് യാതൊരു നിയന്ത്രണവും ഇല്ലാത്തത് സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയുമാണ് ഏറെ ദുരിതത്തിലാക്കുന്നത്.ഇവിടെ നിന്ന് രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരികെ വീട്ടിലേക്കും പോകുന്ന വിദ്യാർത്ഥികളുടേയും അവസ്ഥ ഏറെ കഷ്ടത്തിലാണ്.തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൈങ്ങോട്ടൂർ ഭാഗത്തേക്ക് പോകുന്നതിന് അമിത വേഗതയിൽ പഴയ റോഡിലേക്ക് വാഹനങ്ങൾ വെട്ടിച്ച് തിരിക്കുന്നത് അപകടത്തിന് കാരണമാവുകയാണ്.

ബസ് കാത്തിരിപ്പ് കേന്ദ്രം പ്രാവർത്തികമായില്ല

വെങ്ങല്ലൂർ ജംഗ്ഷനിൽ തൊടുപുഴ,​ മുവാറ്റുപുഴ,​ പൈങ്ങോട്ടൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ കൃത്യമായി നിർത്തുന്നതിന് ജംഗ്ഷനിൽ നിന്ന് മാറി സ്വകാര്യ വ്യക്തികളുമായി സഹകരിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ അധികൃതർ ചില നടപടികൾ ആവിഷ്ക്കരിച്ചെങ്കിലും ഒന്നും നടന്നില്ല.