രാജാക്കാട് : കൗമാരക്കാരനൊപ്പം ഒളിച്ചോടിയ ഇരുപതുകാരിയെ പൊലിസ് കണ്ടെത്തി വനിതാ ഷെൽട്ടർ ഹോമിലേയ്ക്ക് മാറ്റി. ശാന്തൻപാറ സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതി പത്തൊൻപത്കാരനായ കാമുകനൊപ്പം ഏതാനും ദിവസം മുൻപ് തൊടുപുഴയിലേയ്ക്ക് പോയിരുന്നു. ഇതേത്തുടർന്ന് മകളെ കാണാനില്ലെന്ന് മാതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിൽ കൗമാരക്കാരന്റെ ബന്ധുവിന്റെ വീട്ടിൽ ഇരുവരും ഉണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് ഇരുവരെയും ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിൽ വിളിച്ചുവരുത്തി. മാതാവിനൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന് ആൺകുട്ടിയ്ക്ക് വിവാഹപ്രായം ആകുമ്പോൾ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് ബന്ധുക്കൾ തമ്മിൽ ധാരണയായി. ആൺകുട്ടിയെ താക്കീത് നൽകി ബന്ധുക്കൾക്കൊപ്പം അയച്ചു. മാതാവിന്റെ പരാതിയിൻമേൽ കേസ് എടുത്തിരുന്നതിനാൽ പെൺകുട്ടിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി. ബന്ധുക്കൾക്കൊപ്പം പോകാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിന്നിരുന്ന പെൺകുട്ടിയെ വനിതാ ഷേൽട്ടർ ഹോമിലേയ്ക്ക് മാറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു.