ചെറുതോണി: ഓണത്തിന് മുമ്പ് കുടിശിഖ തീർത്ത് കർഷക പെൻഷൻ വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക യൂണിയൻ ചുമതലയുള്ള ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ എന്നിവർ ആവശ്യപ്പെട്ടു.
കർഷകപെൻഷൻ പദ്ധതിയിൽനിന്ന് കർഷകരെ ഒഴിവാക്കാൻ വേണ്ടിയുള്ള അനാവശ്യ നിബന്ധനകൾ ഒഴിവാക്കണമെന്നും 60 വയസ് വരെ കൃഷിഭൂമിയിൽ അധ്വാനിച്ചവർക്കെല്ലാം പെൻഷൻ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കർഷകക്ഷേമബോർഡ് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി യാഥാർത്ഥ്യമാക്കണമെന്നും അഭ്യർത്ഥിച്ചു.
കർഷകതൊഴിലാളി പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യസുരക്ഷാ പെൻഷനുകളും ഓണത്തിനു മുൻപ് വിതരണം ചെയ്യണം. കർഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായി 60 വയസ് കഴിഞ്ഞവർക്ക്, അവർ ക്ഷേമനിധിയിൽ അടച്ച തുകകൾക്ക്, ആനുപാതികമായി നൽകേണ്ട അതിവർഷാനുകൂല്യ തുക 2012 മാർച്ച് വരെ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂവെന്ന് അവർ ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 30, 31 തീയതികളിൽ ചരൽക്കുന്നിൽ നടക്കുന്ന പാർട്ടി സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് കൂടുന്ന കർഷകയൂണിയൻ സംസ്ഥാന നേതൃയോഗം ഇക്കാര്യങ്ങൾ വിശദമയി ചർച്ചകൾ നടത്തുമെന്നും അവർ അറിയിച്ചു.