ആലക്കോട്: പഞ്ചായത്തിലെ പ്രധാന റോഡുകൾ കാലവർഷത്തിന് മുമ്പ് അറ്റകുറ്റപ്പണി നടത്താത്തത് മൂലം കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായി മാറിയെന്ന് കേരള കോൺഗ്രസ് (എം)​ ആലക്കോട് മണ്ഡലം കമ്മിറ്റി പറഞ്ഞു. പഞ്ചായത്തിലെ പ്രധാന റോഡുകളായ കലയന്താനി- ചെലവ്, ആലക്കോട്- ഇഞ്ചിയാനി, അഞ്ചിരി- കാഞ്ഞാർ, വെള്ളാന്താനം- ആർപ്പാമറ്റം, ചിലവ്- ഓലിക്കാമറ്റം തുടങ്ങിയവയും പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുമാണ് തകർന്നുതരിപ്പണ മായിരിക്കുന്നത്. സാധാരണഗതിയിൽ കാലവർഷത്തിന് മമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് പൂർത്തീകരിക്കാറുണ്ട്. ഈ വർഷം അതുണ്ടായില്ലെന്ന് മാത്രമല്ല ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ത്രിതല പഞ്ചായത്തുകളും വിവിധ സർക്കാർ ഏജൻസികളും കടുത്ത അവഗണനയാണ് പുലർത്തുന്നത്. പാർട്ടി ആലക്കോട് മണ്ഡലം പ്രസിഡന്റ് തോമസ് വട്ടപ്പാറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, മാത്യു വാരികാട്ട്, അപ്പച്ചൻ പാലാട്ട്, ജോസി വേളാഞ്ചേരി, സി.ജെ. ജോർജ് ചെരുവിൽ, റോയി കളപ്പുര, അപ്പച്ചൻ കിഴക്കേക്കര, ജോസ് ഒട്ടക്കൽ, ബോബി കല്ലിടിക്കിൽ, തോമസ് മൈലാടൂർ, സാബു തൊണ്ടനോടിയിൽ, ജോസി കാട്ടാശ്ശേരിൽ, ജയ്‌സിംഗ്, സണ്ണി മലയിൽ, ഡൊമിനിക് പള്ളിപ്പറമ്പിൽ, ജിജോ പള്ളിക്കന്നേൽ, മനോജ് കല്ലോലിക്കൽ. വക്കച്ചൻ കൊച്ചു കന്നേൽ എന്നിവർ പ്രസംഗിച്ചു.