ഇടുക്കി: കനത്ത മഴയിൽ ഉരുൾപൊട്ടലുണ്ടായതും അപകട സ്ഥിതി തുടരുന്നതുമായ കട്ടപ്പന നഗരസഭാ പരിധിയിലെ തവളപ്പാറയിൽ ഭൗമപരിശോധനാ സംഘംപരിശോധന നടത്തി. ഭൗമശാസ്ത്ര വിദഗ്ദ സിമില റാണി.എസ്, മണ്ണുപരിശോധന ഓഫീസർ അനുലക്ഷ്മി ശങ്കർ എന്നിവരടങ്ങിയ ടീമാണ് ഇടുക്കി താലൂക്കിലെ കട്ടപ്പന വില്ലേജിലെ അപകട മേഖലകളിൽ പരിശോധന നടത്തിയത്. ഉരുൾപൊട്ടലിൽ തകർന്ന തവളപ്പാറ മങ്ങാടൻപിള്ളിൽ ഹരിയുടെ വീടുൾപ്പെടെ പ്രദേശത്തെ 15 ഓളം വീടുകൾ, പരിസര പ്രദേശങ്ങൾ, കുന്നിൻ ഭാഗത്തുള്ള പാറക്കൂട്ടം, നീർച്ചാലുകൾ തുടങ്ങിയവയുടെ നിലവിലെ സ്ഥിതിയും അപകട സാദ്ധ്യതയും ഭൂമിയുടെ കിടപ്പും സംഘം നിരീക്ഷിച്ചു.
കനത്ത മഴയെ തുടർന്ന് അപകട സാധ്യത മുൻനിർത്തി തവളപ്പാറയിലെ നിരവധി കുടുംബങ്ങൾ ക്യാമ്പിലേക്ക് മാറിയിരുന്നു. ഇപ്പോഴും ഇത്തരത്തിൽ 12 കുടുംബങ്ങൾ കട്ടപ്പന ടൗൺ ഹാളിലെ ക്യാമ്പിൽ കഴിഞ്ഞു വരുന്നു. പ്രദേശത്ത് സംഘം പരിശോധന നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇവരെ മടക്കി അയക്കുന്ന കാര്യം തീരുമാനിക്കുവെന്ന് കഴിഞ്ഞ ദിവസം ക്യാമ്പ് സന്ദർശിച്ച ജില്ലാ കലക്ടർ എച്ച്.ദിനേശൻ പറഞ്ഞിരുന്നു. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ എൽസമ്മ കലയത്തിനാൽ, എം.സി.ബിജു, റ്റിജി.എം.രാജു, കട്ടപ്പന വില്ലേജ് ഓഫീസർ ജെയ്‌സൺ ജോർജ് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കട്ടപ്പന വി.റ്റി പടി (കുന്തളംപാറ) പ്രദേശത്ത് സംഘം പരിശോധന നടത്തി. ഉരുൾ ഉണ്ടായ പ്രഭവ സ്ഥലം മുതൽ അവസാനം വരെ ഭൂമിയുടെ ചരിവ്, കനത്തമഴയെത്തുടർന്നുള്ള മണ്ണിടിച്ചിൽ, വിള്ളൽ തുടങ്ങി ഭൂമിക്കുണ്ടായ മാറ്റങ്ങളെല്ലാം പരിശോധനയിൽ ഉൾപ്പെടുത്തി. കട്ടപ്പന വില്ലേജിൽ അപകട ഭീഷണി നിലനിൽക്കുന്ന വലിയപാറ, പഴയ ബ്ലോക്ക് ഓഫീസ് പരിസരം, മുളകരമേട്, സൊസൈറ്റിപ്പടി പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി.
തൊടുപുഴ വെള്ളിയാമറ്റം, അറക്കുളം, കുടയത്തൂർ എന്നിവിടങ്ങളിലാണ് അസിസ്റ്റന്റ് ജിയോളജിസ്റ്റായ മെറിൻ മരിയ ജോയ്, സോയിൽ കൺസർവേഷൻ ഡിപ്പാർട്‌മെന്റിലെ അസിസ്റ്റന്റ് എൻജിനിയറായ മനു വി തമ്പി എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. തുടർച്ചയായി പെയ്ത മഴ മൂലമാണ് ഇലപ്പള്ളി, മുതിയാമല, ആശ്രമം, കോഴിപ്പിള്ളി എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ആശ്രമത്തിലും മുതിയാമലയിലും മണ്ണിടിഞ്ഞ് റോഡ് തകർന്നിരുന്നു. തൊടുപുഴ താലൂക്കിലെ പരിശോധനക്ക് ശേഷം ജില്ലയിലെ മറ്റു മേഖലകളും സംഘം സന്ദർശിക്കും.
ഉടുമ്പൻചോല താലൂക്കിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കൽക്കൂന്തൽ വില്ലേജിലെ പൊന്നാമലയിലും ആനവിലാസത്ത് മേപ്പാറയിലും പാമ്പാടുംപാറയിലെ പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങളിലും പരിശോധന നടത്തി. ജിയോളജിസ്റ്റ് അരുൺദാസ്, സോയിൽ കൺസർവേഷൻ ഓഫീസർ എം.സീയുസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
'ഒരാഴ്ചകൊണ്ട് ജില്ലയിലെ വിവിധ മേഖലകൾ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യത ഉള്ള സ്ഥലങ്ങൾ പരിശോധിച്ച് ദുരന്ത നിവാരണ അതോറിട്ടിക്ക് റിപ്പോർട്ട് സമർപ്പിക്കും. "