ഇടുക്കി: മഴക്കെടുതിയെ തുടർന്നുണ്ടായ നാശ നഷ്ടങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തദ്ദേശ ഭരണ സ്ഥാപന പരിധിയിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോർട്ടും പുനരുദ്ധരിക്കുന്നതിലുള്ള എസ്റ്റിമേറ്റും സഹിതം വിശദമായ രൂപരേഖ തയ്യാറാക്കി നല്കണമെന്ന് ജില്ലാ കളക്ടർ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഓർമിപ്പിച്ചു.
ആളുകളുടെ പുനരധിവാസം , വീടുകളുടെ സംരക്ഷണ ഭിത്തി നിർമാണം, റോഡ് നിർമാണം തുടങ്ങിയവയിൽ സർക്കാർ അടിയന്തിര നടപടികൾ എടുക്കണമെന്നും അതത് വകുപ്പുകൾ വേണ്ടുന്ന ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വിവിധ പഞ്ചായത്തുകളിലെ പ്രശ്‌ന ബാധിത പ്രദേശങ്ങൾ ഭൂമി ശാസ്ത്ര വിദഗ്ദരുമായി യോഗം ചർച്ച ചെയ്തു. അതുപോലെ കെട്ടിയടച്ചു വെച്ചിരിക്കുന്ന നീരുറവകൾക്ക് സ്വതന്ത്രമായി പോകാനുള്ള സൗകര്യമൊരുക്കാനും ജനങ്ങളെ ബോധ്യവത്കരിക്കാനായി ഭൂമി ശാസ്ത്ര വിദഗ്ദനുമായി ചേർന്ന് പഞ്ചായത്തുകൾ ബോധവത്കരണ ക്ലാസ്സുകൾ നടത്താനും ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റാൻ കഴിയാത്ത സ്ഥലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു. ശാന്തിപ്പാലം,മൂഴിപ്പാലം,പെരിയവര പാലം തുടങ്ങിയവയുടെ ഇപ്പോഴത്തെ അവസ്ഥയും തുടർന്നുള്ള പുനർനിർമാണ പ്രവർത്തനങ്ങളുടെ നടത്തിപ്പുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടത്താനും തീരുമാനിച്ചു.
അവലോകന യോഗത്തിൽ ഡീൻ കുര്യക്കോസ്എംപി, ഇ.എസ് ബിജിമോൾഎംഎൽഎ , റോഷി അഗസ്റ്റിൻഎംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, എ.ഡി.എം ആന്റണി സ്‌കറിയ, ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.