കട്ടപ്പന: ഹൈറേഞ്ചിൽ വീണ്ടും മുക്കുപണ്ടം തട്ടിപ്പ്.വലിയതോവാള സ്വദേശിനിയായ രാധാമണി (63)യാണ് പൊലീസ് പിടിയിലായത്.
മുക്കുപണ്ടവുമായി എത്തി ഇരട്ടയാറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പണയം വച്ചു മടങ്ങാൻ ശ്രമിക്കവേയാണ് പിടിയിലായത്.22 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 58,000 രൂപയാണ് ബാങ്കിൽ നിന്ന് കൈപ്പറ്റിയത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇരട്ടയാർ സഹകരണ ബാങ്കിൽ 12 ഗ്രാം പണയപ്പെടുത്തി 30,000 രൂപ കഴിഞ്ഞ 17ന് എടുത്തതായും ഇവർ സമ്മതിച്ചു. പണയ ഉരുപ്പടി പരിശോധിച്ച ബാങ്ക് അധികൃതർ മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏതാനും ആഴ്ചകൾക്കിടയിൽ ഹൈറേഞ്ചിൽ നിന്നും സമാന കേസിൽ അറസ്റ്റിലാക്കുന്ന അഞ്ചാമത്തെ പ്രതിയാണ് രാധാമണി.തങ്കമണി സഹകരണ ബാങ്കിന്റെ പ്രകാശ് ബ്രാഞ്ചിൽ 15 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പു നടത്തിയ നാലംഗ സംഘത്തെ തങ്കമണി പൊലീസ് മുൻപ് അറസ്റ്റു ചെയ്തിരുന്നു.ഇവരിൽ ഒരാൾ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയെങ്കിലും മറ്റു മൂന്നു പേരിപ്പോഴും ജയിലിലാണ്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മൂവാറ്റുപുഴ മുതൽ തോപ്രാംകുടി വരെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സമാന തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ജില്ലാ ബാങ്കിന്റെ തോപ്രാംകുടി ബ്രാഞ്ചിൽ നിന്നും മുക്കുപണ്ടം കണ്ടെടുക്കുകയും ചെയ്തിരുന്നു.
പ്രകാശ് ഐമുറിയിൽ ഐ.ജി.മോഹനൻ, മകൻ രാഗേഷ്, ആറ്റുപുറത്ത് സന്ധ്യാ, മകൻ ദർശൽ എന്നിവരാണ് മുൻപ് പിടിയിലായത് .ഇതിൽ ഐ.ജി.മോഹനൻ കഴിഞ്ഞ ദിവസം ജ്യാമ്യത്തിലിറങ്ങി.എന്നാൽ സന്ധ്യയുടെയും, രാഗേഷിന്റെയും പേരിൽ കൂടുതൽ കേസുകൾ ഉള്ളതിനാൽ ജാമ്യം ലഭിച്ചിട്ടുമില്ല. ഇതിനിടയിലാണ് കട്ടപ്പനയിൽ നിന്നും രാധാമണിയും അറസ്റ്റിലായത്. എന്നാൽ ഇരു കേസുകളിലെയും പ്രതികൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.